അശാസ്ത്രീയമായ ചികിത്സാരീതി; സാമന്തയെ ജയിലിലടയ്ക്കണമെന്ന് ഡോക്ടര്‍, ആരെയും ഉപദ്രവിക്കണമെന്ന് ഉദ്ദേശിച്ചില്ലെന്ന് നടി

കഴിഞ്ഞ രണ്ട് വർഷങ്ങളായി, എനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നു

Update: 2024-07-05 07:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് വിവാദത്തില്‍. താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക് എബി ഫിലിപ്സും രം​ഗത്തെത്തിയിരുന്നു.

സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോ​ഗ്യത്തിന് ഹാനികരമാണെന്നുമാണ് എബി പറഞ്ഞത്. സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത്തെ ജയിലിൽ അടയ്ക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.ആരോഗ്യ-ശാസ്ത്ര വിഷയങ്ങളില്‍ സാമന്ത നിരക്ഷരയാണെന്നും എബി ഫിലിപ്സ് എക്സില്‍ കുറിച്ചു. വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കും മുൻപ് മറ്റൊരു രീതി പരീക്ഷിക്കൂ, ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നാണ് സാമന്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്‌. സ്റ്റോറി ചര്‍ച്ചയായതോടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.

"കഴിഞ്ഞ രണ്ട് വർഷങ്ങളായി, എനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നു. പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ മരുന്നുകളെല്ലാം കഴിച്ചത്. ഇവയില്‍ പലതും വളരെയധികം ചെലവേറിയതായിരുന്നു. എന്നെപ്പോലൊരാള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. കുറെക്കാലമായി ഈ ചികിത്സകളൊന്നും വേണ്ടത്ര ഫലം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതര ചികിത്സാരീതികളെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്. പരീക്ഷണങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും ശേഷം അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന ചികിത്സകള്‍ കണ്ടെത്തി. 25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും'' സാമന്ത കുറിപ്പിൽ പറയുന്നു.

''ഒരു മാന്യവ്യക്തി തന്‍റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുവെന്നും സാമന്ത പറയുന്നു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്.എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. എന്നെ ജയിലിൽ അടയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു താരം എന്ന നിലയില്‍ വൈദ്യചികിത്സ ആവശ്യമുള്ള ഒരാളെന്ന നിലയിലാണ് ഞാന്‍ അക്കാര്യങ്ങള്‍ പങ്കുവച്ചത്. ആരെയും ഉപദ്രവിക്കണമെന്നോ പിന്തുണക്കണമെന്നോ പണമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുമല്ല.'' നടി കുറിക്കുന്നു.

നേരത്തെയും നടിയുടെ പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള സാമന്തയുടെ ഹെല്‍ത്ത് പോഡ്കാസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്ന് നടി കുറ്റസമ്മതം നടത്തിയിരുന്നു. പുതിയ എപ്പിസോഡ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു ഉപയോക്താവ് പോഡ്കാസ്റ്റിനെതിരെ രംഗത്തെത്തിയത്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നടി മുന്‍പ് അനാരോഗ്യകരമായ ഭക്ഷണ-പാനീയ ബ്രാൻഡുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നാണ് വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയത്. കമന്‍റ് ശ്രദ്ധയില്‍ പെട്ട സാമന്ത ഇതിനെ ന്യായീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. '' ശരിയായ ധാരണയില്ലാത്ത സമയത്ത് എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാലിപ്പോള്‍ ഇത്തരം ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുന്നത് ഞാന്‍ നിര്‍ത്തി. പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു.” എന്നായിരുന്നു സാമന്തയുടെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News