'കിയാര അദ്വാനി കൂടോത്രം ചെയ്തു; സിദ്ധാര്‍ഥിനെ രക്ഷിക്കണമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടി'-ആരോപണത്തില്‍ പ്രതികരിച്ച് താരം

യു.എസില്‍ ജീവിക്കുന്ന മിനൂ വാസുദേവന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

Update: 2024-07-03 15:28 GMT
Editor : Shaheer | By : Web Desk

കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും

Advertising

മുംബൈ: ഭാര്യയും നടിയുമായ കിയാര അദ്വാനി, ഫാന്‍പേജ് മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരായ ആരാധികടുയെ ആരോപണങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര. ആരോപിക്കപ്പെടുന്ന സംഭവത്തെ താനും കുടുംബവും പിന്തുണയ്ക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. സംശയാസ്പദമായ തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും സിദ്ധാര്‍ഥ് അറിയിച്ചു.

യു.എസില്‍ ജീവിക്കുന്ന മിനൂ വാസുദേവന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിദ്ധാര്‍ഥിന്റെ പേരിലുള്ള ഫാന്‍ പേജ് അഡ്മിന്മാരായ അലീസ, ഹുസ്‌ന പര്‍വീണ്‍ എന്നിങ്ങനെ രണ്ടുപേരാണ് താരത്തെ കുറിച്ച് കഥകളുണ്ടാക്കി പണം തട്ടിയതെന്നാണ് ആരോപിച്ചത്. ഭാര്യ കിയാര അദ്വാനി കാരണം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവിതം അപകടത്തിലാണെന്ന് പേജ് അഡ്മിന്മാര്‍ അവകാശപ്പെട്ടു. താരത്തിനെതിരെ കിയാര ആഭിചാരക്രിയകള്‍ ചെയ്തു. കിയാര സിദ്ധാര്‍ഥിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിലെത്തിയതെന്നുമെല്ലാം ഇവര്‍ പറഞ്ഞിരുന്നതായി യുവതി ആരോപിച്ചു.

സിദ്ധാര്‍ഥിനെ രക്ഷിക്കാനെന്നു പറഞ്ഞ് അലീസ പണം വാങ്ങി. നടന്റെ പി.ആര്‍ സംഘത്തില്‍പെട്ടയാളെന്നു പറഞ്ഞ് ദീപക് ദുബേ എന്ന പേരിലുള്ള ഒരാളെയും കിയാരയുടെ പി.ആര്‍ ടീമില്‍പെട്ട രാധിക എന്നയാളെയും പരിചയപ്പെടുത്തുകയും ചെയ്തു. നടനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് ഓരോ ആഴ്ചയും പണം നല്‍കി. ആകെ 50 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് മിനൂ വസുദേവ അവകാശപ്പെട്ടു. സിദ്ധാര്‍ഥിനെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലായിരുന്നു യുവതിയുടെ പോസ്റ്റ്.

പോസ്റ്റ് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തിയത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ താനുമായി ബന്ധം ആരോപിച്ച് ചില തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. എന്റെ ആരാധകരാണെന്ന് അവകാശപ്പെട്ടു ചിലര്‍ പണം ചോദിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞാനോ എന്റെ കുടുംബമോ ടീമോ ഇതിനെയൊന്നും പിന്തുണയ്ക്കുന്നില്ല.

ഇത്തരം വിഷയങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു. എന്തെങ്കിലും സംശയകരമായ അപേക്ഷകള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും വേണം. ആരാധകരാണ് എപ്പോഴും തന്റെ ശക്തിയെന്നും അവരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര പറഞ്ഞു.

Summary: ‘Neither I nor my family support this’: Sidharth Malhotra reacts to fan duped of ₹50 lakh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News