യാരത്? നാൻതാ നാഗവല്ലി!: റീ-റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്
ചിത്രം ഓഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക്
സിനിമാ രംഗത്ത് ഇത് റീ-റിലീസുകളുടെ കാലമാണ്. അത് മോളിവുഡിലും അങ്ങനെ തന്നെ. മലയാളികൾ ഇതിനോടകം അവരുടെ ഇഷ്ട സിനിമകൾ റീ-റിലീസിലൂടെ വീണ്ടും തിയറ്ററുകളിൽ ആസ്വദിച്ചു കഴിഞ്ഞു. അടുത്തതായി റീ-റിലീസിനൊരുങ്ങുന്ന മലയാള ചിത്രത്തിന്റെ ത്രില്ലിലാണ് ആരാധകർ. മലയാളികളെ മുഴുവൻ സമയവും പിടിച്ചിരുത്തിയ മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിലേക്കെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
റിലീസ് ചെയ്ത് 30 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഫാസിൽ ചിത്രം മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിലേക്ക് എത്താനൊരുങ്ങുന്നത്. ആധൂനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം 4k മികവിൽ ആസ്വദിക്കാമെന്നതാണ് പ്രത്യേകത. ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥയിൽ ഫാസിൽ എന്ന സംവിധായകന്റെ മാന്ത്രിക വിദ്യ പയറ്റിതെളിഞ്ഞപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളിലേക്കുള്ള സൃഷ്ടിയായ് മാറുകയായിരുന്നു. 1993-ൽ മധു മുട്ടത്തിന്റെ തിരക്കഥയിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം കൂടിയാണ് ഇത്.
ഗംഗയായും നാഗവല്ലിയായും അരങ്ങുതകർത്ത ശോഭനയുടെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചതും ചിത്രത്തിന്റെ ശോഭയെ ഉയർത്തിക്കാട്ടുന്നതാണ്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും മണിച്ചിത്രത്താഴിന്റെ അക്കൗണ്ടിലുണ്ട്. സാമ്പത്തിക വിജയത്തിന് പുറമെ മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രം ബോളിവുഡിൽ ഉൾപ്പടെ നാലോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. കന്നടയിൽ ആപ്തമിത്ര, തമിഴിൽ ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ കേരളീയം 2023-നോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ മുമ്പ് മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചിരുന്നു. മലയാള ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച ചിത്രത്തിന് അന്ന് വലിയ തരത്തിലുള്ള ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിരക്ക് വർധിച്ചതോടെ അന്ന് രണ്ട് അധിക ഷോകളും ചിത്രത്തിനായി ഏർപ്പെടുത്തി.
മണിചിത്രത്താഴും എത്തുന്നതോടെ 21 ദിവസത്തിന്റെ വ്യത്യാസത്തിൽ തിയറ്ററിൽ രണ്ട് മോഹൻലാൽ സിനിമകളാണ് ആരാധകരെ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറക്കിയ ദേവദൂതൻ ജൂലൈ 26ന് വീണ്ടുമെത്തുന്ന വാർത്താ നേതത്തെ പുറത്തുവന്നിരുന്നു.