'എന്‍റെ പെരുമാറ്റം പൊറുക്കാനാകാത്തത്': ഓസ്കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് വില്‍ സ്മിത്ത്

'ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കളിയാക്കിയത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു'

Update: 2022-03-29 01:51 GMT
Advertising

ലോസ് ആഞ്ചല്‍സ്: ഓസ്കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച നടന്‍ വില്‍ സ്മിത്ത് മാപ്പ് പറഞ്ഞു. ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കളിയാക്കിയത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. ക്രിസിനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും വില്‍ സ്മിത്ത് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

അക്രമം അതിന്‍റെ എല്ലാ രൂപത്തിലും വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാർഡ് വേദിയിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തവുമായിരുന്നു. തമാശകൾ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ വൈകാരികമായി പ്രതികരിച്ചു.

ക്രിസ്, നിങ്ങളോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് തെറ്റുപറ്റി. ഞാൻ ലജ്ജിക്കുന്നു. എന്റെ പ്രവൃത്തികൾ ഞാൻ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യനെ സൂചിപ്പിക്കുന്നില്ല. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിർമാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും എന്‍റെ കിങ് റിച്ചാര്‍ഡിന്‍റെ കുടുംബത്തോടും മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്കെല്ലാവർക്കും മനോഹരമായ ആ യാത്ര, എന്‍റെ പെരുമാറ്റം കാരണം അസ്വസ്ഥമായതില്‍ ഞാൻ ഖേദിക്കുന്നു.

ആത്മാർത്ഥതയോടെ,

വില്‍

'സ്നേഹം ഭ്രാന്തമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും'

ഇന്നലെ ഓസ്കര്‍ വേദിയില്‍ വെച്ച് മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് കൊമേഡിയന്‍ ക്രിസ് റോക്ക്, വില്‍ സ്മിത്തിന്‍റെ ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് പരാമര്‍ശം നടത്തിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ജി.ഐ ജെയ്ൻ എന്ന ചിത്രത്തിലെ ഡെമി മൂറിന്‍റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. ഉടന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസ് റോക്കിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'എന്‍റെ ഭാര്യയെ കുറിച്ചു നിന്‍റെ വൃത്തികെട്ട വായ കൊണ്ടു പറയരുതെ'ന്ന് ഉറക്കെപ്പറഞ്ഞു.

പിന്നാലെ മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം വില്‍ സ്മിത്തിന് ലഭിച്ചു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ വില്‍ സ്മിത്ത് വികാരാധീനനായി. ക്രിസ് റോക്കിന്‍റെ പേരു പറയാതെ കണ്ണീരോടെ ക്ഷമാപണം നടത്തി- "എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എല്ലാ നോമിനികളോടും മാപ്പ് പറയണം. ഇത് മനോഹരമായ നിമിഷമാണ്. അവാര്‍ഡ് ലഭിച്ചതിനല്ല ഞാന്‍ കരയുന്നത്. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെ കുറിച്ച് പറയുന്നതുപോലെ (വില്‍ സ്മിത്തിന് പുരസ്കാരം നേടിക്കൊടുത്ത കഥാപാത്രം) ഞാനും ഒരു ഭ്രാന്തൻ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും"- കണ്ണീരോടെ വില്‍ സ്മിത്ത് പറഞ്ഞു.

കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് വില്‍ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രമാണ് കിങ് റിച്ചാര്‍ഡ്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ സ്മിത്ത് അവതരിപ്പിച്ചത്. രണ്ട് കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിക്കുന്ന പിതാവിന്റെ കഥയാണ് കിങ് റിച്ചാര്‍ഡ് പറയുന്നത്. മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.


Violence in all of its forms is poisonous and destructive. My behavior at last night's Academy Awards was unacceptable...

Posted by Will Smith on Monday, March 28, 2022

Summary- Actor Will Smith offered apologies to Chris Rock for smacking the comedian during the Oscars ceremony. Smith hit Rock over a joke about wife Jada Pinkett Smith's hair

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News