'എന്നും അതിജീവിതക്കൊപ്പം, അവരെ വിശ്വസിക്കും'; ലിയോണ ലിഷോയ്
സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഒന്നും നേരിട്ടിട്ടില്ലെന്ന് ലിയോണ
എന്നും അതിജീവിതര്‍ക്ക് ഒപ്പമായിരിക്കുമെന്ന് നടി ലിയോന ലിഷോയ്. പുതിയ ചിത്രം 21 ഗ്രാംസിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായി മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് ലിയോന നിലപാട് വ്യക്തമാക്കിയത്. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും ലിയോണ പറഞ്ഞു. നമ്മുടെ വീട്ടിനുള്ളില്‍ വരെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ആള്‍ക്കാര് അറിയുന്നത് തുറന്നുപറച്ചിലുകളിലൂടെയാണെന്നും ലിയോണ പറഞ്ഞു. സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഒന്നും നേരിട്ടിട്ടില്ലെന്നും ലിയോണ വ്യക്തമാക്കി.
നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന '21 ഗ്രാംസ്' എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ലിയോണയുടേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ നായകന്‍. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ട്വല്‍ത്ത് മാന്‍, റാം, ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന്, ഇഷ്കിന്‍റെ തെലുഗു വേര്‍ഷന്‍, സുനില്‍ ഇബ്രാഹീം സംവിധാനം ചെയ്യുന്ന തേര്‍ഡ് മര്‍ഡര്‍ എന്നീ ചിത്രങ്ങളാണ് ലിയോണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
ലിയോന ലിഷോയുടെ വാക്കുകള്‍:
അവര് ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് പോയതെന്ന് നമുക്കറിയില്ല. Its all about perspective. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ വായിക്കുമ്പോള്‍ നമുക്ക് പലതും തോന്നാം. പക്ഷെ നമുക്ക് ഒരിക്കലും അവരുടെ മാനസികാവസ്ഥ അറിയില്ല, നമ്മള്‍ ആ അവസ്ഥ എത്തിയാലേ നമുക്ക് അതറിയുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിജീവിതക്കൊപ്പം ഞാൻ തീർച്ചയായും ഉറച്ച് നില്‍ക്കുന്നു.
എന്നും അതിജീവിതക്കൊപ്പമായിരിക്കും. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കില്‍ അവരത് പറയേണ്ട ആവശ്യമെന്താ...അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുക. അതിനെ എതിര്‍ക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. ഞാനൊരു സ്ത്രീയായത് കൊണ്ടായിരിക്കും പെട്ടെന്ന് എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നത്. അവര് ആ സമയത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ട്രോമയെ കുറിച്ച് എനിക്കോ മറ്റു സ്ത്രീകള്‍ക്കോ പെട്ടെന്ന് മനസ്സിലാകും.
അതിനപ്പുറത്തേക്ക് അവര്‍ പുറത്തേക്ക് വരുന്നത് വളരെ നല്ല കാര്യമാണ്. അങ്ങനെ പുറത്തേക്ക് വന്നാലെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിനുള്ളില്‍ വരെ നടക്കുന്നുണ്ടെന്ന് ആള്‍ക്കാര് അറിയുകയുള്ളൂ.