സിൽവർ ലൈനില്ലെങ്കിൽ ആരും ചാകില്ല, ഭക്ഷണവും പാർപ്പിടവും ശരിയാക്കിയിട്ടു മതി: ശ്രീനിവാസൻ

"അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ"

Update: 2022-01-09 03:24 GMT
Editor : abs | By : abs
Advertising

സിൽവർ ലൈനിനെതിരെ രൂക്ഷവിമർശവുമായി നടൻ ശ്രീനിവാസൻ. റെയിൽ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യം ശ്രദ്ധ വേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു. മനോരമ ന്യൂസ് ആണ് നടന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.

'ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തിൽ ചെയ്യുമ്പോൾ അതിനേക്കാൾ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നു. പാർപ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോലെ അതിവേഗത്തിൽ ഓടാൻ.' - അദ്ദേഹം പറഞ്ഞു.

വലിയ അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. '126000 കോടിയാണ് ഇതിന്റെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ല.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ടുപോകാൻ കോൺഗ്രസ് തീരുമാനിച്ചു. മധ്യകേരളത്തിലെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കൺവെൻഷനാണ് തീരുമാനം എടുത്തത്.

പദ്ധതിക്കെതിരെ താഴേത്തട്ടിൽ ജനങ്ങളെ ബോധവൽക്കരിക്കുക, പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്നേഹികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരുമായി സംവാദം സംഘടിപ്പിക്കുക, പദ്ധതിയുടെ ദുരന്തഫലങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ എല്ലാ വീടുകളും സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യുക, വിദഗ്ധരെ ഇതിനായി രംഗത്തിറക്കാനും കൺവെൻഷനിൽ തീരുമാനിച്ചതായി യോഗശേഷം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News