നാല് ലോക്സഭാ മണ്ഡലങ്ങളുടെ ആവേശവുമായി എറണാകുളം
മറ്റൊരു ജില്ലക്കും ഇല്ലാത്ത ഈ സവിശേഷത കൊണ്ട് തന്നെ വൈവിധ്യങ്ങളോടുകൂടിയ തെരഞ്ഞെടുപ്പ് ആവേശമാണ് ജില്ലയുടെ പ്രത്യേകത.
ഒന്നരമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശമാക്കുമ്പോള്‍ 4 ലോക്സഭാമണ്ഡലങ്ങളുടെ ആവേശം നെഞ്ചിലേറ്റി ശ്രദ്ധേയമാവുകയാണ് എറണാകുളം ജില്ല. എറണാകുളം മണ്ഡലത്തിന് പുറമെ, ചാലക്കുടി, ഇടുക്കി,കോട്ടയം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ആവേശവും ജില്ലയിലുണ്ടായിരുന്നു.
ചാലക്കുടിയുടെ ഭാഗമായ നാല് നിയമസഭാ മണ്ഡലങ്ങളും ഇടുക്കിയുടെ രണ്ടും കോട്ടയത്തിന്റെ പിറവം നിയമസഭാ മണ്ഡലവും എറണാകുളം ജില്ലയിലാണ്. മറ്റൊരു ജില്ലക്കും ഇല്ലാത്ത ഈ സവിശേഷത കൊണ്ട് തന്നെ വൈവിധ്യങ്ങളോടുകൂടിയ തെരഞ്ഞെടുപ്പ് ആവേശമാണ് ജില്ലയുടെ പ്രത്യേകത. ജില്ലയില്‍ മൊത്തം 2251 പോളിങ് സ്റ്റേഷനുകളാണ് ഉളളത്. 4 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ചത് എല്‍.ഡി.എഫാണ്. എറണാകുളത്ത് പി.രാജീവും ചാലക്കുടിയില്‍ ഇന്നസെന്റും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും കോട്ടയത്ത് വി.എന്‍ വാസവനും. എറണാകുളത്ത് യു.ഡി.എഫ് സിറ്റിങ് എം.പിയെ മാറ്റി ഹൈബി ഈഡന്‍ എം.എല്‍.എയെ കളത്തിലിറക്കി. ചാലക്കുടിയിലാകട്ടെ അല്‍പം താമസിച്ചാണെങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെ തന്നെ സ്ഥാനാര്‍ഥിയാക്കി. ഇടുക്കിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് നറുക്ക് വീണു.
കോട്ടയത്താകട്ടെ കേരള കോണ്‍ഗ്രസ് തര്‍ക്കത്തിനൊടുവില്‍ മാണിസാര്‍ അവസാനമായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി എന്ന പദവിയുമായി തോമസ് ചാഴിക്കാടനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി.4 മണ്ഡലങ്ങളിലും എന്‍.ഡി.എ സ്ഥാനാര്‍ഥികളും ശക്തമായ പ്രചാരണത്തില്‍ തന്നെയാണ്. എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയത്. മൂന്ന് മുന്നണികള്‍ക്കൊപ്പം സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയ രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളുമെല്ലാം പ്രചാരണച്ചൂടില്‍ തന്നെയാണ്.