റീ പോളിങ് നടന്ന കിഴക്കേ കടുങ്ങല്ലൂരില്‍ പോളിങ് ശതമാനം വര്‍ധിച്ചു
പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കടുങ്ങല്ലൂരിലെ റീ പോളിങ് പൂര്‍ത്തിയായി. കിഴക്കേ കടുങ്ങല്ലൂർ 83ആം നമ്പർ ബൂത്തിൽ 80.72 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 23ന് നടന്ന പോളിങിനേക്കാള്‍ രണ്ട് ശതമാനം കൂടുതലാണിത്.
പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ആദ്യത്തെ വോട്ടെടുപ്പ് അസാധുവാക്കിയത്. 912 വോട്ടുകളാണ് ബൂത്തിലുള്ളത്. കഴിഞ്ഞ തവണ ഇതിൽ 715 വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വോട്ടിങ് യന്ത്രത്തിൽ 758 വോട്ടുകളാണ് കാണിച്ചത്. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം മോക്ക് പോളിങ് നടത്തിയ 43 വോട്ടുകൾ അധികമായി ഉൾപ്പെടുകയായിരുന്നു.
കഴിഞ്ഞ തവണ ഗുരുതരമായ പിഴവ് സംഭവിച്ചതിനാൽ തന്നെ ഏറെ ശ്രദ്ധയോടെയാണ് മോക്ക് പോൾ പൂർത്തിയാക്കിയത്. ഇത്തവണ ഡപ്യൂട്ടി കളക്ടർ അടക്കമുള്ളവർക്കായിരുന്നു ബൂത്തിന്റെ ചുമതല. 5 പോളിങ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിലാണ് ഇത്തവണ മഷി പുരട്ടിയത്.