വണ്ണം കുറയ്ക്കണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കണം
വണ്ണം കുറയാൻ ചിട്ടയായ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനും പുറമെ ചില പുതിയ ശീലങ്ങൾ തുടങ്ങുകയും ചിലത് നിർത്തുകയും ചെയ്യണം.
മാറിയ ജീവിത ശൈലിയിൽ അമിത വണ്ണം ഇന്ന് വലിയൊരു വിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. വണ്ണം കുറയാൻ ചിട്ടയായ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനും പുറമെ ചില പുതിയ ശീലങ്ങൾ തുടങ്ങുകയും ചിലത് നിർത്തുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് പ്രസക്തമായൊരു പോസ്റ്റ് പങ്കുവെക്കുകയാണ് ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ.
വണ്ണം കുറയ്ക്കാൻ തീരുമാനിച്ചവർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളാണ് റുജുത പങ്കുവെക്കുന്നത്. അഞ്ചെണ്ണം ഒഴിവാക്കേണ്ട ശീലങ്ങളും അഞ്ചെണ്ണം കൂടെ കൂട്ടേണ്ടവയുമാണ്.
വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഡയറ്റാണെന്ന് കരുതി ഭക്ഷണം ഒഴിവാക്കേണ്ട ആവശ്യമില്ല.
കൃത്യമായി വ്യായാമത്തിന് സമയം കണ്ടെത്തണം.
കൃത്യസമയത്ത് ഉറങ്ങുക എന്നതും വണ്ണം കുറയ്ക്കുന്നതിൽ നിർണായകമാണ്. ദിവസം ഏഴ് മണിക്കൂറെങ്കിലും ഉറക്കത്തിനായി സമയം കണ്ടെത്തണം.
ജീവിതത്തിലെ ഓരോ കാര്യങ്ങളും ആസ്വദിക്കാൻ കഴിയുക എന്നതും പ്രധാനമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് ശീലമാക്കുക. യാത്ര പോലെ ഇഷ്ടമുള്ള ഹോബികൾക്ക് സമയം നൽകി സമ്മർദം അകറ്റണമെന്നും റുജുത പറയുന്നു.
വണ്ണം കുയാനെടുക്കുന്ന സമയം കൂടുന്നതിനെ പരാജയമായി കാണരുതെന്നും റുജുത പറയുന്നുണ്ട്. വ്യായാമത്തെ ശിക്ഷയായി കാണരുതെന്നാണ് മറ്റൊരു പ്രധാന നിർദേശം. മാത്രമല്ല ഭക്ഷണം കഴിക്കുന്നതിനെ ഒരു തെറ്റായി കാണരുതെന്നും പോസ്റ്റിൽ പറയുന്നു.
ഏറ്റവും പ്രധാനമുള്ള മറ്റൊരു കാര്യം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയോ കിലോഗ്രാമോ നോക്കി ആവലാതിപ്പെടരുതെന്നും അവനവന് സന്തോഷം നൽകുന്നത് കഴിക്കുക എന്നതാണ് പ്രധാനം. വണ്ണം കുറയ്ക്കുന്നത് ആലോചിച്ച് കൂടുതൽ സമ്മർദത്തിലാഴുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയോ ഉള്ളൂവെന്നും റുജുത പറഞ്ഞു.