പിറന്നാള്‍ നിറവില്‍ മിശിഹ
അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം. ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്താകാന്‍ ഒരുങ്ങി നില്‍ക്കവേയാണ് മെസിക്ക് ജന്മദിനം കടന്ന് വരുന്നത്.
അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയൊന്നാം ജന്മദിനം. ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്താകാന്‍ ഒരുങ്ങി നില്‍ക്കവേയാണ് മെസിക്ക് ജന്മദിനം കടന്ന് വരുന്നത്. അര്‍ജന്റീന ടീം താമസിക്കുന്നതിന് സമീപത്ത് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ലയണല്‍ മെസി. ഫുട്ബോളില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസം. ഫാക്ടറി തൊഴിലാളിയുടെയും തൂപ്പ്കാരിയുടെയും മകനായി 1987ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ചു. വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ രോഗം മൂലം മെസിയെ ഫുട്ബോളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിലക്കിയതാണ്. പതിനൊന്നാം വയസില്‍ ബാഴ്സലോണ മെസിയെ കണ്ടെടുത്തു. ചികിത്സ നല്‍കി. കളി പഠിപ്പിച്ചു. കളിപ്പിച്ചു. പിന്നീടെല്ലാം ചരിത്രം.
ബാഴ്സലോണക്കായി ട്രോഫികള്‍ വാരിക്കൂട്ടി. അര്‍ജന്റീനക്കൊപ്പം കഴിഞ്ഞ ലോകകപ്പ് ഫൈനലടക്കം നാല് വലിയ ഫൈനലുകള്‍ കളിച്ചു. പക്ഷേ അന്താരാഷ്ട്ര ട്രോഫി മാത്രം മാറി നിന്നു. ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന പുറത്താകാന്‍ സാധ്യത നില്‍ക്കെയാണ് ജന്മദിനം. പക്ഷേ ജന്മദിനം ആഘോഷിക്കാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി ആരാധകര്‍. റഷ്യന്‍ ആരാധകര്‍ക്കാണ് ആഘോഷം കൂടുതല്‍. മെസിയുടെ വലുപ്പത്തിലും രൂപത്തിലുമുള്ള കേക്ക് ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന ടീം താമസിക്കുന്ന പരിസരത്ത് സംഗീത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. മെസിയുടെ ആഘോഷം നൈജീരിയക്കെതിരായ മത്സരത്തിലാകണേ എന്ന ആഗ്രഹത്തിലാണ് അര്‍ജന്റീന ആരാധകര്‍.