ഫിഫ ദ ബെസ്റ്റ്; വിനീഷ്യസ് മികച്ച പുരുഷ താരം, എതിരാളികളില്ലാതെ ബോന്‍മാതി

കാര്‍ലോ ആഞ്ചലോട്ടി മികച്ച പരിശീലകന്‍

Update: 2024-12-18 02:22 GMT
Advertising

ദോഹ: ഫിഫ ദ ബെസ്റ്റ് പുരസ്കാര നിറവില്‍  റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍.  ദോഹയില്‍ വച്ചരങ്ങേറിയ ചടങ്ങിലാണ് ഫിഫയുടെ ഈ വര്‍ഷത്തെ  മികച്ച ഫുട്ബോള്‍ താരങ്ങളെ തെരഞ്ഞെടുത്തത്. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും ബാഴ്സലണോയുടെ സ്പാനിഷ് താരം ഐതാന ബോന്‍മാതി സ്വന്തമാക്കി.

ബാലന്‍ദ്യോര്‍ പുരസ്കാര ജേതാവ് സ്പെയിനിന്റെ റോഡ്രി, റയല്‍ മാഡ്രിഡിന്‍റെ തന്നെ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് എന്നിവരെ മറികടന്നാണ് വിനീഷ്യസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡിന്‍റെ ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടനേട്ടങ്ങളില്‍ വിനീഷ്യസ് നിര്‍ണായക പങ്കാണ് വഹിച്ചത്. 24 കാരനായ ബ്രസീലിയന്‍ താരത്തിന്റെ ആദ്യ ഫിഫ ദ ബെസ്റ്റ് പുരസ്കാര നേട്ടമാണിത്. 

മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍‌നാചോ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ എവര്‍ട്ടണെതിരെ നേടിയ മിന്നും ബൈസിക്കിള്‍ കിക്ക് ഗോളാണ് അര്‍ജന്‍റൈന്‍ താരത്തെ പുരസ്കാരത്തിന് അര്‍‌ഹനാക്കിയത്. 

റയല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്കാണ് മികച്ച പരിശീലകനുള്ള  പുരസ്കാരം. അര്‍ജന്‍റൈന്‍ താരം എമിലിയാനോ മാര്‍ട്ടിനസ് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.  ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോള്‍ ഫൈനലിന് മുന്നോടിയായി ദോഹയില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ഫിഫ ദ ബെസ്റ്റ് പ്രഖ്യാപനം നടന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News