പോര്‍ച്ചുഗല്‍ ടീമിന്‍റെ ഉറക്കം കളഞ്ഞ ഇറാന്‍ ആരാധകരുടെ കുതന്ത്രം
പോര്‍ച്ചുഗല്‍ ടീം താമസിക്കുന്ന ഹോട്ടലിന് താഴെ തമ്പടിച്ച് രാത്രി മുഴുവന്‍ ബഹളമുണ്ടാക്കുകയെന്നതായിരുന്നു ഇറാന്‍ ആരാധകര്‍ സ്വീകരിച്ച തന്ത്രം. അങ്ങനെ ഉറക്കച്ചവടോടെ കളിക്കാനിറങ്ങുന്ന പോര്‍ച്ചുഗലിനെ...
ഇന്ന് രാത്രി പതിനൊന്നരക്ക് പോര്‍ച്ചുഗലിനെതിരെ കളിക്കാനിറങ്ങുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കൂട്ടരേയും എങ്ങനെയെല്ലാം പൂട്ടാമെന്നായിരിക്കും ഇറാന്‍ ചിന്തിക്കുന്നുണ്ടാവുക. ഇതേ ചിന്തയില്‍ നിന്നാണ് കളിക്കുമുന്നേ ഒരു കുതന്ത്രം പ്രയോഗിക്കാന്‍ ഇറാന്‍ ആരാധകര്‍ തീരുമാനിച്ചത്. റഷ്യയില്‍ പോര്‍ച്ചുഗല്‍ ടീം ഉറങ്ങുന്ന ഹോട്ടലിന് താഴെ തമ്പടിച്ച് രാത്രിമുഴുവന്‍ ബഹളമുണ്ടാക്കി അവരുടെ ഉറക്കം കളയുകയായിരുന്നു ഇറാന്‍ ആരാധകര്‍ ചെയ്തത്.
മത്സരത്തിന് മുമ്പ് ഇറാന്‍ ആരാധകര്‍ ഏറെ പേടിക്കുന്നത് മികച്ച ഫോമിലുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആയിരിക്കും. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ഇംഗ്ലീഷ് താരം ഹാരി കെയിന് പിന്നില്‍ രണ്ടാമതാണ്. ബി ഗ്രൂപ്പില്‍ സ്‌പെയിനും പോര്‍ച്ചുഗലിനും സ്‌പെയിനും നാല് പോയിന്റ് വീതമാണുള്ളത്. ഇറാന് മൊറാക്കോയെ തോല്‍പ്പിച്ചു കിട്ടിയ മൂന്ന് പോയിന്റും. പോര്‍ച്ചുഗലിന് രണ്ടാം റൗണ്ടിലെത്താന്‍ സമനില മതി. എന്നാല്‍ അവസാന പതിനാറിലെത്താന്‍ ഇറാന് ജയം തന്നെ വേണം.
ഈ കണക്കുകളാണ് ക്രിസ്റ്റ്യാനോയേയും കൂട്ടരേയും എങ്ങനെയെങ്കിലും കളിക്കുമുമ്പേ അസ്വസ്ഥരാക്കുകയെന്ന കുതന്ത്രം സ്വീകരിക്കാന്‍ ഒരു കൂട്ടം ഇറാന്‍ ആരാധകരെ പ്രേരിപ്പിച്ചത്. പോര്‍ച്ചുഗല്‍ ടീം താമസിക്കുന്ന ഹോട്ടലിന് താഴെ തമ്പടിച്ച് രാത്രി മുഴുവന്‍ ബഹളമുണ്ടാക്കുകയെന്നതായിരുന്നു ഇറാന്‍ ആരാധകര്‍ സ്വീകരിച്ച തന്ത്രം. അങ്ങനെ ഉറക്കച്ചവടോടെ മാര്‍ഡോവിയ അരീനയില്‍ ഇന്ന് രാത്രി കളിക്കാനിറങ്ങുന്ന പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാമെന്നായിരുന്നു അവര്‍ കണ്ട സ്വപ്‌നം.
ഡ്രമ്മുകളും കൊമ്പും കുഴലുമായി തിങ്കളാഴ്ച്ച പുലര്‍ച്ചെയും അവര്‍ ബഹളം തുടര്‍ന്നു. ഇതോടെ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ഇറാന്‍ ആരാധകരോട് ജനലിനടുത്തെത്തി അഭ്യര്‍ഥന നടത്തുകയായിരുന്നു. ഉറങ്ങാന്‍ സമ്മതിക്കണമെന്ന് ആംഗ്യഭാഷയിലായിരുന്നു ക്രിസ്റ്റിയാനോ ഇറാന്‍ ആരാധകരോട് പറഞ്ഞത്. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ അപേക്ഷിച്ച് തിരിച്ചുപോയെങ്കിലും ഇറാന്‍ ആരാധകര്‍ അത് ചെവിക്കൊണ്ടില്ല. പുലരും വരെ ഹോട്ടലിന് താഴെ വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പരമാവധി ബഹളമുണ്ടാക്കിയ ശേഷമാണ് അവര്‍ പിരിഞ്ഞു പോയത്.