റയലിനെ സമനിലയില്‍ കുരുക്കി ലീഗിലെ 13ാം സ്ഥാനക്കാര്‍

കളഞ്ഞ് കുളിച്ചത് പോയിന്‍റ് ടേബിളില്‍ ബാഴ്സയെ മറികടക്കാനുള്ള സുവര്‍ണാവസരം

Update: 2024-12-15 04:14 GMT
Advertising

ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് റയോ വയ്യക്കാനോ. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ച് പിരിഞ്ഞു. വയ്യക്കാനോയുടെ ഹോം ഗ്രൗണ്ടിൽ വച്ചരങ്ങേറിയ പോരിൽ വാൽവർഡേയും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോയുമാണ് റയലിനായി വലകുലുക്കിയത്. ഉനൈ ലോപസും അബ്ദുൽ മുഅ്മിനും ഇസി പലാസോണുമാണ് വയ്യക്കാനോയുടെ സ്‌കോറർമാർ.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ വലകുലുക്കി ലോപസ് റയലിനെ ഞെട്ടിച്ചു. 36ാം മിനിറ്റിൽ മുഅ്മിനിലൂടെ മുന്നിലെത്തിയ വയ്യക്കാനോ റയലിനെ വലിയ സമ്മർദത്തിലേക്കാണ് തള്ളിയിട്ടത്. എന്നാൽ മൂന്ന് മിനിറ്റിനകം വാൽവർഡേയുടെ ഗോളിൽ റയലിന്റെ ആദ്യ മറുപടി. ആദ്യ പകുതിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ ഒപ്പത്തിനൊപ്പമെത്തി.

56ാം മിനിറ്റിൽ റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചെങ്കിലും 64ാം മിനിറ്റിൽ പലാസോണിലൂടെ വയ്യക്കാനോ തിരികെയെത്തി. നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് ഇരുടീമുകൾക്കും വലകുലുക്കാനായില്ല.

സമനില വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ ബാഴ്‌സയെ മറികടക്കാനുള്ള സുവർണാവസരമാണ് റയൽ കളഞ്ഞു കുളിച്ചത്. 17 മത്സരങ്ങളിൽ നിന്ന് ബാഴ്‌സക്ക് 38 പോയിന്‍റുണ്ട്. അത്ര തന്നെ മത്സരങ്ങൾ കളിച്ച റയലിന് 37 പോയിന്റാണുള്ളത്. അതേ സമയം ഒരു കളി കുറവ് കളിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന് 35 പോയിന്‍റുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗെറ്റാഫെയെ തകർത്താൽ ഡിയഗോ സിമിയോണിയുടെ സംഘത്തിന് റയലിനെ മറികടക്കാം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News