ഒമാനില്‍ 37 നുഴഞ്ഞുകയറ്റക്കാര്‍ പിടിയില്‍
ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 37 നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 37 നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി റോയല്‍ ഒമാന്‍ പൊലീസും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായത്.
രാജ്യത്തേക്ക് നുഴഞ്ഞു കയറിയ 19 പേരെ ദോഫാര്‍ ഏരിയയില്‍ നിന്നും പിടികൂടിയപ്പോള്‍ ബുറൈമിയില്‍ ആറുപേരും വടക്കന്‍ ബാത്തിനയില്‍ അഞ്ചുപേരും തെക്കന്‍ ബാത്തിനയില്‍ നാലുപേരും മസ്‌കത്തില്‍ മൂന്ന് പേരും പിടിയിലായി. നേരത്തേ പിടിയിലായ 44 ആഫ്രിക്കന്‍ വംശജരെ നിയമനടപടികള്‍ക്ക് ശേഷം അതത് എംബസികളുടെ സഹായത്തോടെ നാടുകടത്തി. 101 സ്ത്രീകളടക്കം 441 നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 858 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. 1116 പേരെ മാതൃരാജ്യത്തേക്ക് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തെ നേരിടുന്നതിനായി പൊതുജനങ്ങള്‍ കൂടുതലായി സഹകരിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇനിയും ഇത്തരക്കാരുടെ എണ്ണം കുറക്കാന്‍ സാധ്യമാവുകയുള്ളൂവെന്നും റോയല്‍ ഒമാന്‍ പൊലീസ് വക്താവ് പറഞ്ഞു.