സൗദിയില്‍ കരാര്‍ സ്ഥാപനങ്ങളില്‍ ശമ്പളക്കുടിശ്ശിക തുടര്‍ക്കഥയാവുന്നു

Update: 2017-01-21 12:59 GMT
Editor : admin
സൗദിയില്‍ കരാര്‍ സ്ഥാപനങ്ങളില്‍ ശമ്പളക്കുടിശ്ശിക തുടര്‍ക്കഥയാവുന്നു
Advertising

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഞ്ഞൂറോളം പരാതികളാണ് ദമ്മാമിലെയും ജുബൈലിലെയും ലേബര്‍ കോടതികളില്‍ എത്തിയത്.

Full View

സൗദിയിലെ കരാര്‍ സഥാപനങ്ങളിലെ തൊഴിലാളികളുടെ ശമ്പളം കുടിശ്ശികയാവുന്നത് തുടര്‍ കഥയാവുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അഞ്ഞൂറോളം പരാതികളാണ് ദമ്മാമിലെയും ജുബൈലിലെയും ലേബര്‍ കോടതികളില്‍ എത്തിയത്. 245 സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പരാതി നല്‍കിയത്. വന്‍കിട, ഇടത്തര, ചെറുകിട കരാര്‍ കമ്പനികളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സിലെ കോണ്‍ട്രാക്ടിങ് കമ്മിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസായ നഗരമായ ജുബൈലില്‍ പതിനഞ്ച് കമ്പനികള്‍ എണ്ണൂറോളം തൊഴിലാളികളെ കഴിഞ്ഞ മാസം പിരിച്ചു വിട്ടു. ഭൂരി പക്ഷം പേര്‍ക്കും സേവനാന്ത്യ ആനുകൂല്യങ്ങള്‍ പോലും ലഭിക്കതെയാണ് പിരിഞ്ഞു പോവേണ്ടി വന്നത്. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായിട്ടുണ്ടെന്ന് ജുബൈല്‍ ഇന്ത്യന്‍ എംബസി സഹായ കേന്ദ്രത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. പത്ത് ശതമാനത്തിനു താഴെ വരുന്ന തൊഴിലാളികളാണ് പരാതി കൊടുക്കുന്നത്. മറ്റുള്ളവര്‍ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന നടപടി ഭയന്ന് ജോലി തുടരുകയാണ്. അല്‍ ഖോബാര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ആയിരത്തോളം തൊഴിലാളികളാണ് ജോലിക്ക് ഹാജരാവാതെ കഴിഞ്ഞ ദിവസം സമരം ചെയ്തത്. അല്‍ അഹ്സ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനിയിലെ മൂവ്വായിരത്തെോളം തൊഴിലാളികളുടെ ഇഖാമ ഒരു വര്‍ഷമായി പുതുക്കിയിട്ടില്ല.

എംബസി ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ച അറുന്നൂറോളം തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക നേടിക്കൊടുക്കാന്‍ സാധിച്ചു. ഇനിയും ആയിരങ്ങള്‍ പരിഹാരം കാത്തു നില്‍ക്കുന്നുണ്ട്. ഒട്ടനവധി ചെറുകിട കരാര്‍ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. എണ്ണ വില ഇടിഞ്ഞതോടെ നിരവധി കരാറുകള്‍ റദ്ദാവുകയും, നേരത്തെ ഉറപ്പിച്ച തുകയില്‍നിന്ന് സ്ഥാപനങ്ങള്‍ പിന്‍വലിഞ്ഞ് കൊണ്ടും പല കരാര്‍ കമ്പനികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കരാര്‍ പ്രകാരമുള്ള കിട്ടാനുള്ള തുക ലഭിക്കാത്തതാണ് തൊഴിലാളികളുടെ ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് ഉടമകള്‍ പറഞ്ഞു. എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുമായി കടമിടപാടുള്ളത് കാരണം അവര്‍ക്ക് നല്‍കുന്ന തുക ബാങ്ക് പിടിച്ചുവെക്കുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നിയന്ത്രണങ്ങളില്ലാതെ തങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള അനുവാദം നല്‍കണമെന്ന് കരാര്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉടനെ നടപടി ഇല്ലാത്ത പക്ഷം കരാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News