സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 15 ന് തുടങ്ങും
ഒമാനിലെ ഏറ്റവും വലിയ മഴക്കാല ഉത്സവമാണ് സലാല ടൂറിസം ഫെസ്റ്റിവല്‍
ഈ വര്‍ഷത്തെ സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ 15 ന് ആരംഭിക്കും. ആഗസ്റ്റ് 31 നാണ് ഫെസ്റ്റിവല്‍ അവസാനിക്കുക. ഒമാനിലെ ഏറ്റവും വലിയ മഴക്കാല ഉത്സവമാണ് സലാല ടൂറിസം ഫെസ്റ്റിവല്‍. ആഘോഷം ആഗസ്റ്റ് അവസാനം വരെ നീളും. ഫെസ്റ്റിവലിന്റെ ഭാഗമായി പരമ്പരാഗത കലാസാംസ്‌കാരിക പരിപാടികളും നിരവധി വിനോദ ഇനങ്ങളും ഇപ്രാവശ്യവും ഒരുക്കുന്നുണ്ട്. അതിനിടെ പെരുന്നാളവധി ആഘോഷിക്കാന്‍ നിരവധി പേര്‍ സലാലയിലെത്തുമെന്നാണ് കരുതുന്നത്. വേനലവധിക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത നിരവധി മലയാളി കുടുംബങ്ങളും സലാലയിലേക്ക് തിരിക്കുന്നുണ്ട്. അവധി ആഘോഷിക്കാനും ഫെസ്റ്റിവലിനുമായി സലാലയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗള്‍ഫ് മുഴുവന്‍ വേനല്‍ച്ചൂടില്‍ എരിയുമ്പോള്‍ സലാലയിലെ കുളിര്‍മയുള്ള കാലാവസ്ഥ അനുഭവിക്കാന്‍ അയല്‍രാജ്യങ്ങളില്‍നിന്ന് നിരവധി സന്ദര്‍ശകര്‍ ഈ വര്‍ഷവും എത്തുമെന്നാണ് കരുതുന്നത്.