കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് യുഎന്‍

Update: 2017-01-27 11:29 GMT
Editor : admin
കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് യുഎന്‍
Advertising

ഈ മാസം 18ന് കുവൈത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സാധ്യമാക്കുമെന്ന് ഐക്യരാഷ്ട്രസഭ.

ഈ മാസം 18ന് കുവൈത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ യെമന്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സാധ്യമാക്കുമെന്ന് ഐക്യരാഷ്ട്രസഭ. രാജ്യത്ത് സ്ഥിരതയും സമാധാനവും കൊണ്ടുവരുന്നതിന് കുവൈത്ത് ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് യുഎന്‍ പ്രതിനിധി ഇസ്മായില്‍ വലദ് അശൈഖ് അഹമദ് ആണ് അഭിപ്രായപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ കുവൈത്തിനെ അദ്ദേഹം പ്രശംസിച്ചു.

ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് യെമന്‍ കാര്യങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭാ പ്രതിനിധി ഇസ്മായില്‍ വലദ് അശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്തുകയെന്നതാണ് യുഎന്‍ ലക്ഷ്യം. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ തയാറായ കുവൈത്തിന്‍റെ നിലപാട് പ്രശംസനീയമാണ്. സിറിയന്‍ വിഷയത്തില്‍ മൂന്ന് ഉച്ചകോടികള്‍ക്ക് ആതിഥ്യമരുളിയ അനുഭവ സമ്പത്ത് യെമന്‍ സമാധാന ദൌത്യം വിജയിപ്പിക്കാന്‍ കുവൈത്തിന് കരുത്താകുമെന്നും ഇസ്മായില്‍ വലദ് അശൈഖ് പറഞ്ഞു. കുവൈത്തിലെ സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും കൈക്കൊണ്ട തീരുമാനങ്ങള്‍ വിലയിരുത്തുന്നതിനായി റിയാദിലേക്കും സന്‍ആയിലേക്കും ഐക്യരാഷ്ട്രസഭ പ്രതിനിധി സംഘത്തെ അയക്കുന്നുണ്ട്. കുവൈത്ത് ചര്‍ച്ചയുടെ ഒരുക്കങ്ങള്‍ക്കായി മറ്റൊരു സംഘം വൈകാതെ കുവൈത്തിലെത്തും.

സമാധാന ചര്‍ച്ചകൾക്ക് മുന്നോടിയായി ഏപ്രില്‍ 10ന് അര്‍ദ്ധരാത്രി മുതല്‍ യെമനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഹൂതി വിമതരുമായും സൗദി സേനയുമായും ഐക്യരാഷ്ട്രസഭ ധാരണയിലെത്തിയിട്ടുണ്ട്. സൗദിയും ഹൂതി വിമതരും യുദ്ധതടവുകാരെ പരസ്പരം കൈമാറാന്‍ തയാറായതും ശുഭസൂചനയാണെന്നും യുഎന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. യെമനിൽ സമാധാനം പുലരണമെന്ന ലക്ഷ്യത്തോടെ മുൻവിധികൾ മാറ്റിനിർത്തി സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് വലദ് അശൈഖ് ആഹ്വാനം ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News