പെട്രോള്‍ വില പരിഷ്കരിക്കാനുള്ള കുവൈത്ത് തീരുമാനത്തിന് ലോകബാങ്കിന്റെ പ്രശംസ
സബ്‌സിഡി നിയന്ത്രണം നടപ്പിലാക്കാനുള്ള തീരുമാനം ധീരമായ ചുവടുവെപ്പെന്ന് ലോകബാങ്ക് കുവൈത്ത് മേധാവി അഭിപ്രായപ്പെട്ടു.
പെട്രോള്‍ വില പരിഷ്കരിക്കാനുള്ള തീരുമാനം കുവൈത്തിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍. സബ്‌സിഡി നിയന്ത്രണം നടപ്പിലാക്കാനുള്ള തീരുമാനം ധീരമായ ചുവടുവെപ്പെന്ന് ലോകബാങ്ക് കുവൈത്ത് മേധാവി അഭിപ്രായപ്പെട്ടു.
മാര്‍ക്കറ്റിങ് റിസര്‍ച്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂഡീസ് കോര്‍പറേഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ആണ് സബ്‌സിഡി നിയന്ത്രണം കുവൈത്ത് സമ്പദ് ഘടനക്കു ഉണര്‍വേകുമെന്ന വിലയിരുത്തലുള്ളത് . എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കുവൈത്തിനെ സംബന്ധിച്ചെടുത്തോളം പൊതു ചെലവ് കുറക്കുക എന്നതു അനിവാര്യമാണ്. മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വരുമാനത്തിന്റെ 80 ശതമാനവും എണ്ണ വില്പനയിലൂടെ വകയിരുത്തുന്ന സാമ്പത്തിക ഘടനയാണ് കുവൈത്തിന്റേത് . അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയിടിവിനെ തുടര്‍ന്ന് മൊത്തം വരുമാനത്തില്‍ പോയവര്‍ഷം 41 ശതമാനം കുറവാണുണ്ടായത് . ഈ വര്‍ഷം പൊതു ചെലവില്‍ 1.8 ശതമാനത്തിന്റെ വര്‍ദ്ധനയും കണക്കാക്കപ്പെടുന്നുണ്ട് ഈ സാഹചര്യത്തില്‍ പെട്രോള്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള അമിത ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം സമ്പദ്ഘഘടനക്കു ശക്തി പകരുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ധന വില പരിഷ്‌കരിക്കാനുള്ള കുവൈത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ലോകബാങ്കും രംഗത്തെത്തി. രാഷ്ട്രീയപരമായും സാമ്പത്തിക പരമായും ധീരമായ കാല്‍വെപ്പാണെന്നു കുവൈത്ത് നടത്തിയിരിക്കുന്നതെന്നു ലോകബാങ്കിന്റെ കുവൈത്ത് മേധാവി ഫിറാസ് റആദ് അഭിപ്രായപ്പെട്ടു. അതിനിടെ എണ്ണ വില വര്‍ധന മൂലമുണ്ടാകുന്ന ദുരിതം കുറക്കാന്‍ സ്വദേശികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.പിമാരായ അബ്ദുല്ല മയൂഫ്, അഹ്മദ് ലാറി എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു സ്വദേശികള്‍ക്കു നിശ്ചിത അളവ് പെട്രോള്‍ റേഷനിങ് രീതിയില്‍ നിലവിലെ വിലയ്ക്ക് തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്ന് യൂസുഫ് അല്‍ സല്‍സല എം.പിയും ആവശ്യപ്പെട്ടു.