വി കെ സിംഗ് ഇന്ന് കുവൈത്തില്‍
പ്രവാസി സംഘടനകളുമായുള്ള കൂടിക്കാഴ്ച ബുധനാഴ്ച
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. ബുധനാഴ്ച എംബസ്സിയില്‍ പ്രവാസി സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലും വി കെ സിങ് പങ്കെടുക്കും.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ്, അമീരി ദിവാന്‍ കാര്യ മന്ത്രി ഷെയ്ഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍സബാഹ് എന്നിവരുമായി ജനറല്‍ വി കെ സിങ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
താമസ രേഖകള്‍ ഇല്ലാതെ കുവൈത്തില്‍ കഴിയുന്ന 30000ത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കല്‍, നാടുകടത്തല്‍ നടപടിക്രമങ്ങളിലെ കാലതാമസം ഇല്ലാതാക്കല്‍ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ ആകും കൂടിക്കാഴ്ചകളിലെ പ്രധാന അജണ്ട.
ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ എംബസി പരിസരത്ത് രാഷ്ട്രപിതാവിന്റെ പ്രതിമ വി.കെ.സിംഗ് അനാച്ഛാദനം ചെയ്യും. ബുധനാഴ്ച വൈകീട്ട് ആറരക്കു ഇന്ത്യന്‍ എംബസ്സിയില്‍ പ്രവാസി പ്രതിനിധികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. സാമൂഹ്യ പ്രവര്‍ത്തകര്‍, പ്രവാസി സംഘടന നേതാക്കള്‍, ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.