രാജ്നാഥ് സിംഗിന്റെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കമായി
മന്ത്രി ഇന്ന് ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് 5.30ന് ബഹ്റൈനില്‍ വിമാനമിറങ്ങിയ ആഭ്യന്തരമന്ത്രിയെ ബഹ്റൈന്‍ ഉന്നത മന്ത്രിതല സംഘം സ്വീകരിച്ചു. മന്ത്രി ഇന്ന് ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുരോഗമിക്കുകയാണെന്നും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്നലെ വൈകീട്ട് 7.30ന് ഈസാ ടൗണിലെ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈനിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഡിപി വളര്‍ച്ചാ നിരക്കിലുണ്ടായ മുന്നേറ്റവും പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളും ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻ നിരയിലെത്തിക്കും. അഴിമതിമുക്ത ഭാരതമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭീകരതക്കെതിരെ ഇഛാശക്തിയുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നും രാജ്യത്ത് നിലനില്‍ക്കുന്ന മാവോയിസ്റ്റ് ഭീഷണി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ തുറന്ന മനസോടെ സര്‍ക്കാര്‍ പരിശ്രമിക്കും. ബഹ്റൈനില്‍ അധിവസിക്കുന്ന ഇന്ത്യക്കാര്‍ ബഹ്റൈന്റെയും ഇന്ത്യയുടെയും ഉന്നമനത്തിനായി ഒരുപോലെ പ്രയത്നിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് മന്ത്രിയുടെ വാക്കുകൾ കേട്ടത്. പ്രസംഗശേഷം പ്രവാസികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും രാജ്നാഥ് സിങ് നല്‍കി.
ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് രാജ്നാഥ് സിങ് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ചകൾ നടത്തും. ഉഭയകക്ഷി ബന്ധവും ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇരു രാജ്യങ്ങളുടെയും പരസ്പര സഹകരണവും കൂടിക്കാഴ്ചകളിൽ ചർച്ചാ വിഷയങ്ങളാകും.