അബൂദബിയില്‍ കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി
അബൂദബി നഗരിയില്‍ കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി 30 ദശലക്ഷം ചെലവിടും
അബൂദബി നഗരിയില്‍ കുട്ടികള്‍ക്കായി കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി 30 ദശലക്ഷം ചെലവിടും. 2015-16 വര്‍ഷത്തെ പദ്ധതിയില്‍ 20 പ്രദേശങ്ങളിലായി 14000 ചതുരശ്ര മീറ്ററില്‍ അധികം സ്ഥലത്താണ് കളി സ്ഥലങ്ങള്‍ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കളിസ്ഥലങ്ങള്‍ വികസിപ്പിക്കുന്നത്.
അബൂദബിയുടെയും ചുറ്റുപ്രദേശങ്ങളുടെയും മാസ്റ്റര്‍ വികസന പദ്ധതി 2030 അനുസരിച്ചാണ് കളി സ്ഥലങ്ങള്‍ ഒരുക്കുന്നത്. എല്ലാ പ്രദേശങ്ങളിലും പാര്‍ക്കുകളും കളിസ്ഥലങ്ങളും നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ കുട്ടികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പുവരുത്തും വിധമാണ് നിര്‍മാണം നടത്തുന്നത്. കുട്ടികള്‍ക്ക് ആഘോഷത്തിനും കളികള്‍ക്കും അവസരം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. മെയിന്‍ലാന്‍റ് വടക്ക് ഭാഗത്ത് ആറ് കളി സ്ഥലങ്ങള്‍ 90 ലക്ഷം ദിര്‍ഹം ചെലവിലാണ് നിര്‍മിക്കുന്നതെന്ന് സിറ്റി മുനിസിപ്പാലിറ്റി ആക്ടിങ് ജനറല്‍ മാനേജര്‍ മുസബ്ബഹ് മുബാറക്ക് അല്‍ മുറാര്‍ പറഞ്ഞു. മൊത്തം 4690 ചതുരശ്ര മീറ്ററിലാണ് നിര്‍മാണം. ഖലീഫ സിറ്റി, ബനിയാസ് ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒന്ന് വീതവും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നാലും പാര്‍ക്കാണ് നിര്‍മിക്കുന്നത്.
20 കളിസ്ഥലങ്ങളും 14 ഉല്ലാസ കേന്ദ്രങ്ങളും അടക്കം നിര്‍മിക്കുന്നതിന് 205 ലക്ഷം ദിര്‍ഹമാണ് ചെലവഴിക്കുകയെന്നും 2016ല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുകയെന്നും മുസബ്ബഹ് മുബാറക്ക് അല്‍ മുറാര്‍ പറഞ്ഞു. ഖലീഫ ബിന്‍ സായിദ് സിറ്റിയില്‍ നാല് കേന്ദ്രങ്ങളിലും ബനിയാസ് ഈസ്റ്റിലും രണ്ടും അല്‍ ഷവാമെഖില്‍ മൂന്നും അബൂദബി ഗേറ്റ്, അല്‍ മക്ത, അല്‍ ഫലാഹ്, ഷക്ബൂത്ത് സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളില്‍ ഓരോ സ്ഥലങ്ങളിലുമാണ് കളിസ്ഥലങ്ങള്‍ നിര്‍മിക്കുക.