ഇസ്‌ലാമിക് ആർട്‌സ് ബിനാലെ; രണ്ടാം പതിപ്പ് ജനുവരി 25 മുതൽ ജിദ്ദയിൽ ആരംഭിക്കും
ഇസ്‌ലാമിക ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്നതായിരിക്കും ആട്‌സ് ബിനാലെ
ജിദ്ദ: ഇസ്‌ലാമിക് ആർട്‌സ് ബിനാലെയുടെ രണ്ടാം പതിപ്പ് ജിദ്ദയിൽ സംഘടിപ്പിക്കുന്നു. ജനുവരി 25 മുതൽ മെയ് 25 വരെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലാണ് പ്രദർശനം. ഇസ്‌ലാമിക ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്നതായിരിക്കും ആട്‌സ് ബിനാലെ.
ഇസ്ലാമിക നാഗരികതയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കലകൾ അനുഭവിച്ചറിയാനും ആസ്വദിക്കാനും സന്ദർശകർക്ക് അവസരമൊരുക്കുന്നതാണ് ഇസ്‌ലാമിക് ആർട്‌സ് ബിനാലെ. കഅബയെ പുതപ്പിക്കുന്ന മുഴുവൻ കിസ്വയും ആദ്യമായി ഇത്തവണ ബിനാലെയിൽ പ്രദർശനത്തിനെത്തും. കിസ്വയുടെ തുടക്കം, വികാസം, കിസ്വയുമായി ബന്ധപ്പെട്ട കലകൾ, കൊത്തുപണികൾ, കരകൗശല വൈദഗ്ധ്യം എന്നിവ സന്ദർശകർക്ക് പഠിക്കാൻ അവസരമൊരുക്കുന്നതാവും പ്രദർശനം.
കൂടാതെ ഇസ്‌ലാമിന്റെ ഭൂതകാലവും വർത്തമാനവും മനസിലാക്കാനും ഇസ്‌ലാമിക കലയുടെ തുടർച്ച പര്യവേക്ഷണം ചെയ്യാനും സന്ദർശകർക്ക് അവസരമൊരുക്കികൊണ്ടാണ് രണ്ടാം പതിപ്പ് ചിട്ടപ്പെടുത്തുന്നത്. ഇസ്‌ലാമിക കലകളുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം എന്ന നിലയിൽ കഴിഞ്ഞ വർഷം മുതലാണ് ഇസ്‌ലാമിക് ആർട്‌സ് ബിനാലെ പ്രദർശനം ജിദ്ദയിൽ ആരംഭിച്ചത്.
കൂടുതൽ വിപുലമായാണ് രണ്ടാം എഡിഷന്റെ ക്രമീകരണങ്ങൾ. 110,000 ചതുരശ്ര മീറ്റർ വിശാലമായ പ്രദേശത്താണ് ബിനാലെ അരങ്ങേറുക. ഇതിൽ 12,000 ചതുരശ്ര മീറ്ററിലും പ്രദർശനം മാത്രം ആയിരിക്കും. അന്താരാഷ്ട്ര കലാസംവിധായകരുടെ നീണ്ട നിരതന്നെയുണ്ട് പുതിയ പതിപ്പിന്റെ പിന്നണിയിൽ. ദൃശ്യ ശ്രാവ്യ സ്പർശ കലാരൂപങ്ങളിലൂടെ സന്ദർശകരെ അമ്പരപ്പിക്കുന്നതായിരിക്കും ബിനാലെ. 2020-ൽ സ്ഥാപിതമായ ദിരിയ ബിനാലെ ഫൗണ്ടേഷനാണ് ഇസ്‌ലാമിക് ആർട്‌സ് ബിനാലെ സംഘടിപ്പിക്കുന്നത്.