യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കും

Update: 2017-04-22 10:26 GMT
യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കും
Advertising

മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.

Full View

അടുത്ത വര്‍ഷം മുതല്‍ യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കും. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.

യു.എ.ഇ ആതുരമേഖലക്ക് പുതിയ തീരുമാനം കൂടുതല്‍ കരുത്തു പകരും. പ്രവാസി സമൂഹം പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ആദ്യഘട്ടത്തില്‍ ദുബൈ, ഫുജൈറ എമിറേറ്റുകളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീകരിക്കുക. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അഞ്ഞൂറിലേറെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

മെഡിക്കല്‍ ബില്ലിങ് കമ്പനിയുമായി ബന്ധപ്പെട്ട വരീദ് സിസ്റ്റവുമായി ആശുപത്രികളിലെ ഇലക്ട്രോണിക് കലക്ഷന്‍ സംവിധാനത്തെ ബന്ധിപ്പിക്കും. രോഗിയുടെ ചികില്‍സാ ചെലവുകള്‍ ഇതില്‍ രേഖപ്പെടുത്തും. ബില്ലിങ് കമ്പനികള്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഈ ബില്ല് ഹാജരാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് മുഖേനയുള്ള സേവനം ഇപ്പോള്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതമാണ്.

അടിയന്തര സ്വഭാവമില്ലാത്ത ചികില്‍സക്ക് മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ പണം നല്‍കേണ്ട നിലവിലെ സ്ഥിതി മാറും. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സേവനം വിദേശികള്‍ക്ക് കൂടി ലഭ്യമാവുകയും ചെയ്യും. ദുബൈയില്‍ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആയിരങ്ങള്‍ക്കാവും ഇതിന്റെ ഗുണഫലം ലഭിക്കുക. അബൂദബിയില്‍ നേരത്തെ തന്നെ ആരോഗ്യ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യം എന്ന യു.എ.ഇ ലക്ഷ്യം കൈവരിക്കുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News