കുവൈത്തില്‍ വിദേശികള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നു
ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് സമഗ്ര പഠന റിപ്പോര്‍ട്ട് തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
വിദേശികള്‍ക്ക് അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കുന്നതു കുവൈത്ത് സര്‍ക്കാരിന്റെ പരിഗണനയില്‍. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് സമഗ്ര പഠന റിപ്പോര്‍ട്ട് തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
നിലവില്‍ വിദേശികള്‍ തൊഴില്‍വിസയില്‍ കുവൈത്തില്‍ പ്രവേശിച്ചാല്‍ ആദ്യമായി താമസാനുമതി രേഖ നേടുന്നതിന്റെ മുന്നോടിയായുള്ള വൈദ്യപരിശോധന മാത്രമേയുള്ളൂ. സ്വന്തം രാജ്യത്തു വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണു വിദേശികള്‍ കുവൈത്തില്‍ പ്രവേശിക്കുന്നത്. താമസാനുമതി രേഖ നേടിയശേഷം തൊഴിലിടങ്ങളില്‍നിന്നുള്ള വാര്‍ഷികാവധിയിലും അല്ലാതെയും രാജ്യത്തിനു പുറത്തുപോയി തിരിച്ചുവരുന്നവര്‍ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയരാകേണ്ട സാഹചര്യം നിലവിലില്ല. അങ്ങനെ പുറത്തുപോയി വരുന്നവരില്‍ പകര്‍ച്ചവ്യാധി ബാധയോ മറ്റോ ഉണ്ടായാലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നതിനാലാണ് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നത്.
രാജ്യത്തു പ്രവേശിക്കുന്ന വിദേശികളുടെ എണ്ണവും അവര്‍ക്ക് ലഭ്യമാക്കുന്ന ചികിത്സാ സംവിധാനങ്ങളുടെ ചെലവും സംബന്ധിച്ച കണക്കെടുപ്പിനും ആഭ്യന്തരമന്ത്രാലയം പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്.