ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തി
മസ്ജിദുന്നബവിയിലെ പ്രാര്‍ഥനകളും ചരിത്ര പ്രദേശങ്ങളിലെ സന്ദര്‍ശനവും തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ഇന്നലെ രാത്രിയോടെ മക്കയിലെത്തിച്ചേര്‍ന്നു. ഹജ്ജ് കര്‍മത്തിനുള്ള കാത്തിരിപ്പിലാണ് തീര്‍ഥാടകരിപ്പോള്‍.
പത്ത് ദിവസത്തോളം പ്രവാചക നഗരിയില്‍ ചിലവഴിച്ചാണ് ഹാജിമാര്‍ മദീനയില്‍ നിന്നും മക്കയിലേക്ക് തിരിച്ചത്. മസ്ജിദുന്നബവിയിലെ പ്രാര്‍ഥനകളും ചരിത്ര പ്രദേശങ്ങളിലെ സന്ദര്‍ശനവും തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രവാചകന്‍ മുഹമ്മദിന്‍റെ ഖബറിനടുത്ത് പോയി സലാം പറഞ്ഞാണ് ഹാജിമാരുടെ മടക്കം. ഹജ്ജിന്റെ ഇഹ്റാമിലാണ് ഭൂരിഭാഗം തീര്‍ഥാടകരും മക്കയിലെത്തുന്നത്. ദുല്‍ഹജ്ജ് പത്ത് തിങ്കളാഴ്ച വരെ ഇവര്‍ക്ക് ഇഹ്റാമില്‍ തുടരും. വെള്ളിയാഴ്ച രാത്രിയോടെ തീര്‍ഥാടകര്‍ മിനായിലേക്ക് പുറപ്പെടും. അതിനായുള്ള കാത്തിരിപ്പിലാണ് ഹാജിമാര്‍. അസീസിയ്യ, സാഹിര്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം ഗ്രൂപ്പുകളും താമസമൊരുക്കിയിരിക്കുന്നത്. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷമായിരുന്നു ഹാജിമാര്‍ മദീനയിലേക്ക് പോയത്. ഹജ്ജിന് ശേഷം ജിദ്ദ വഴിയാണ് ഇവര്‍ മടങ്ങുക. അതേ സമയം രണ്ടാം ഘട്ടില്‍ മക്കയിലെത്തിയ ഗ്രൂപ്പുകളിലെ ഹാജിമാര്‍ ഹജ്ജിന് ശേഷമാണ് മദീനയില്‍ സന്ദര്‍ശനം നടത്തുക. മദീനയിലെത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും ബുധനാഴ്ച മക്കയിലേക്ക് മടങ്ങി.