ബഹ്റൈനിൽ ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നു
പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി അറിയിച്ചു.
മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായി ബഹ്റൈനിൽ തൊഴിലാളികൾക്കായി ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നു. പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി അറിയിച്ചു.
രണ്ട് വർഷക്കാലയളവിലേക്ക് വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികൾക്ക് വിവിധ ജോലികൾ ചെയ്യാന്‍ ഇതോടെ നിയമപരമായി സാധിക്കും. പാർട് ടൈം ആയും മണിക്കൂർ അടിസ്ഥാനത്തിലും ജോലി ചെയ്യാനും അനുമതി നല്‍കുന്നു എന്നതാണ് ഫ്ലക്സിബിൾ വർക്ക് പെർമിറ്റ് സംവിധാനത്തിന്റെ പ്രത്യേകത. പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നേടി ആരുടെ കീഴിലും ഫ്ലക്സിബിൾ വർക്ക് പെർമിറ്റ് നേടുന്ന തൊഴിലാളിക്ക് ജോലിചെയ്യാം. പ്രത്യേക പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളിലാണ് വിവിധ തൊഴിലുടമകൾക്ക് ഇവരെ ജോലിക്കു വെക്കാൻ സാധിക്കുക. ആദ്യഘട്ടത്തിൽ പ്രതിമാസം രണ്ടായിരം പേർക്കാണ് ഫ്ലക്സിബിൾ വർക്കർ, ഫ്ലക്സിബിൾ ഹോസ്പിറ്റാലിറ്റി വർക്കർ എന്നീ പേരുകളിൽ പുതിയ സൗകര്യം അനുവദിക്കുക.
നിലവിൽ, 2016 സെപ്റ്റംബര്‍ 20 വരെയുള്ള കാലത്ത് തൊഴിലുടമ വിസ പുതുക്കാതിരിക്കുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടും ബഹ്റൈനില്‍ തുടരുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടൂത്തുവാൻ കഴിയൂ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കി തുടങ്ങും. വര്‍ക് പെര്‍മിറ്റ് ഫീസായി 200 ദിനാറും ഹെല്‍ത് കെയര്‍ ഇനത്തിലായി 144 ദിനാറും പ്രതിമാസ ഫീസായി 30 ദിനാറും ഗോസി ചാർജുകളൂം അടച്ച് തൊഴിലാളി തന്നെയാണ് ഫ്ലക്സിബിൾ വർക്ക് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡപ്പോസിറ്റ് ആയി നൽകണം. ഏതെങ്കിലും കേസുകളിൽ കുരുങ്ങിയവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല.