വിഷന്‍ 2030: ഹജ്ജ്-ഉംറ മേഖലകളില്‍ വമ്പിച്ച സാമ്പത്തിക ഉണര്‍വിന് വഴിവെക്കുമെന്ന് നിരീക്ഷണം
അടുത്ത പതിനാല് വര്‍ഷത്തിനുള്ളില്‍ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്.
സൌദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിഷന്‍ 2030 യാഥാര്‍ഥ്യമാകുന്നതോടെ ഹജ്ജ് ഉംറ മേഖലകളില്‍ വമ്പിച്ച സാമ്പത്തിക ഉണര്‍വിന് വഴിയൊരുക്കുമെന്ന് ഹജ്ജ് ഉംറ സേവന രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി മുപ്പതോടെ ഹജ്ജ് ഉംറ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷമെത്തുന്നത് അടക്കമുള്ള വിവിധ പദ്ധതികളാണ് വിഷന്‍ 2030ല്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിത്.
ഹജ്ജ് ഉംറ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതോടെ എല്ലാ രംഗത്തുമുള്ള സാമ്പത്തിക വളര്‍ച്ച കുത്തനെ ഉയര്‍ന്ന് വര്‍ഷത്തില്‍ അഞ്ച് ബില്യണ്‍ റിയാല്‍ വരെ എത്തുമെന്നാണ് ഹജ്ജ് ഉംറ സേവന രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് കെട്ടിട നിര്‍മാണ മേഖകളിലെ വലിയ പദ്ധതികള്‍ 80 ശതമാനം പൂര്‍ത്തിയായതായി മക്ക ചേംമ്പര്‍ റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി അധ്യക്ഷന്‍ ശരീഫ് മന്‍സൂര്‍ അല്‍റയാശ് പറഞ്ഞു. ഇതോടെ നിലവിലുള്ളതിന്റെ ഇരട്ടി തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകും.
ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കുന്നതിനും എണ്ണം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കികൊണ്ടുള്ളതാണ് സൗദി വിഷ്വന്‍ 2030 എന്ന് ഹജ്ജ് ഉംറ ദേശീയ കമ്മിറ്റി അധ്യക്ഷന്‍ മര്‍വാന്‍ ശഅ്ബാന്‍ പറഞ്ഞു. അടുത്ത പതിനാല് വര്‍ഷത്തിനുള്ളില്‍ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുഹറമുകളില്‍ നടന്നുവരുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാകുനതോടെ ഇത്രയുമാളുകളെ ഉള്‍ക്കൊള്ളാനാകും. ഉംറ മേഖല വളരുന്നതോടെ സ്വദേശികളായവര്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന വിഷന്‍ 2030 തീര്‍ഥാടന രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊണ്ടാണ് നടപ്പിലാക്കുന്നതെന്ന് മക്ക ചേംമ്പര്‍ റിയല്‍ എസ്റ്റേറ്റ് അംഗം യൂസുഫ് ഇവദ് അല്‍അഹ്മദി പറഞ്ഞു. ഒരോ വര്‍ഷവും ഉംറ തീര്‍ഥാടകരുടെ വര്‍ധനവ് ഏകദേശം അഞ്ച് ദശലക്ഷം വരെ എത്തുമെന്ന് മക്ക ചേംമ്പര്‍ ട്രാന്‍സ്പോര്‍ട്ട് സമിതി അംഗവും ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി മുന്‍ അംഗവുമായ സഅദ് ബിന്‍ ജമീല്‍ അല്‍ഖുറശി പറഞ്ഞു.