തൊഴിലാളികള്‍ക്ക് ആശ്വാസമായി വി കെ സിങിന്റെ സന്ദര്‍ശനം

Update: 2017-06-07 06:48 GMT
Editor : Sithara
തൊഴിലാളികള്‍ക്ക് ആശ്വാസമായി വി കെ സിങിന്റെ സന്ദര്‍ശനം
Advertising

വിദേശകാര്യ സഹമന്ത്രി വി കെ സിങിന്‍റെയും സൗദി ലേബര്‍ മന്ത്രാലയം മക്ക മേഖലാ ഓഫീസ് മേധാവി അബ്ദുല്ല ഒലയ്യാന്റെയും ലേബര്‍ ക്യാമ്പ് സന്ദര്‍ശനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു.

Full View

വിദേശകാര്യ സഹമന്ത്രി വി കെ സിങിന്‍റെയും സൗദി ലേബര്‍ മന്ത്രാലയം മക്ക മേഖലാ ഓഫീസ് മേധാവി അബ്ദുല്ല ഒലയ്യാന്റെയും ലേബര്‍ ക്യാമ്പ് സന്ദര്‍ശനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളി പ്രതിനിധികളുമായി മന്ത്രിയും സംഘവും ഒന്നര മണിക്കൂറോളം സംസാരിച്ചു. തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്.

വ്യാഴാഴ്ച വൈകുന്നേരം മക്ക റോഡിലെ ശുമൈസി ക്യാമ്പിലെത്തിയ മന്ത്രി വി കെ സിങ് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരെ ആവേശപൂര്‍വമാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. സൗദി തൊഴില്‍ വകുപ്പ് മേധാവി കൂടിയെത്തിയതോടെ അസാധാരണമായ സുരക്ഷിതത്വബോധമാണ് തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടത്. തൊഴില്‍ മാറ്റവും സൗജന്യമായി നാട്ടിലെത്തിക്കുന്നതും ഇഖാമ അതിവേഗം സൗജന്യമായി പുതുക്കി നല്‍കുന്നതിനെ പറ്റിയുമെല്ലാം സൗദി തൊഴില്‍ വകുപ്പ് മേധാവി തന്നെ വിവരിച്ചു. അനൂകൂലമായ ഓരോ വിഷയങ്ങളും കേട്ടപ്പോഴെല്ലാം തൊഴിലാളികള്‍ കൈയടിച്ചു.

തിരിച്ചു വരാനുള്ള നിയമതടസ്സങ്ങളുണ്ടാവുമോ, രേഖകള്‍ സുരക്ഷിതമാവുമോ, കിട്ടാനുള്ള പണം ലഭ്യമാവുമോ തുടങ്ങിയ ചോദ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം സൗദി തൊഴില്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി തൊഴിലാളികളെ നേരിട്ടറിയിച്ചു. ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഇഖാമ ഉള്‍പെടെ രേഖകള്‍ പുതുക്കാനും സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും സൗദി തൊഴില്‍ മന്ത്രാലയം സൗകര്യം ചെയ്തു തരുമെന്ന് മന്ത്രി പറഞ്ഞു. നാട്ടിലേക്ക് തിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനും സൗകര്യമൊരുക്കും. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തി നാട്ടിലേക്ക് പോകാനും സൗകര്യമുണ്ട്. ഇതിലേത് കാര്യം വേണമെങ്കിലും തീരുമാനിക്കാമെന്ന് മന്ത്രി നേരില്‍ അറിയിച്ചതോടെ തൊഴിലാളികള്‍ക്ക് ആശ്വാസമായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News