ഗള്‍ഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്
സർക്കാർ വക വരുമാനത്തിൽ കാതലായ നേട്ടം കൈവരിക്കാൻ സാധ്യത കുറഞ്ഞിരിക്കെയാണ് വളർച്ചാനിരക്ക് ഐ.എം.എഫ് കുറച്ചിരിക്കുന്നത്
സൗദിഅറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളർച്ചാനിരക്കിൽ വീണ്ടും ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. എണ്ണവിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാത്ത സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതീക്ഷിത വളർച്ചാ നിരക്കിൽ കുറവ് വരുത്തിയതായും ഐ.എം.എഫ് വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വർഷം ഗൾഫ് രാജ്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കും എന്നായിരുന്നു ഐ.എം.എഫിന്റെ നേരത്തെയുള്ള വിലയിരുത്തൽ. സർക്കാർവക വരുമാനത്തിൽ കാതലായ നേട്ടം കൈവരിക്കാൻ സാധ്യത കുറഞ്ഞിരിക്കെയാണ് വളർച്ചാനിരക്ക് ഐ.എം.എഫ് കുറച്ചിരിക്കുന്നത്. ലോക സമ്പദ് ഘടനയിൽ 3.6 ശതമാനത്തിന്റെ വളർച്ചയാണ് ഐ.എം.എഫ് വിലയിരുത്തൽ. എന്നാൽ ആറ് ജി.സി.സി രാജ്യങ്ങളുടെ വളർച്ചാ നിരക്ക് 1.9 ശതമാനം മാത്രമായിരിക്കും. പോയ വർഷം ഒക്ടോബറിൽ 2.9 ശതമാനം വളർച്ചാ നിരക്കായിരുന്നു ഐ.എം.എഫ് മുന്നിൽ കണ്ടത്.
നടപ്പു വർഷം സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച 0.4 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐ.എം.എഫ് നിഗമനം. സൗദി രണ്ട് ശതമാനത്തിെൻറ വളർച്ച ഇക്കുറി നേടുമെന്നായിരുന്നു ഒക്ടോബറിൽ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഉൽപാദനം കുറച്ച് വിപണിയിൽ എണ്ണവില ഉയർത്താനുള്ള ഒപെക്,ഒപെകേതര രാജ്യങ്ങളുടെ നീക്കം വേണ്ടത്ര വിജയിക്കാതെ പോയതും ജി.സി.സി രാജ്യങ്ങൾക്ക് തിരിച്ചടിയായി.
ോയു.എ.ഇ പോയ വർഷത്തെ 2.5 വളർച്ചാ നിരക്കിൽ നിന്ന് നടപ്പുവർഷം 1.5 ലേക്ക് ചുരുങ്ങുമെന്നും ഐ.എം.എഫ് ഗവേഷണ വിഭാഗം മേധാവി മൗറിസ് ഒബ്സ്റ്ററഫഡ് പറഞ്ഞു. കുവൈത്ത് സമ്പദ് ഘടനയുടെ വളർച്ചാ തോതിലും ഗണ്യമായ ഇടിവാണ് ഐ.എം.എഫ് പ്രവചിക്കുന്നത്.