അബൂദബിയില്‍ ബ്യൂട്ടി സലൂണുകളില്‍ പരിശോധന
അബൂദബി സിറ്റി മുനിസിപ്പാലിറ്റി നേതൃത്വത്തില്‍ ബ്യൂട്ടി സലൂണുകളില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ, സുരക്ഷാ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
അബൂദബി സിറ്റി മുനിസിപ്പാലിറ്റി നേതൃത്വത്തില്‍ ബ്യൂട്ടി സലൂണുകളില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ, സുരക്ഷാ, തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കര്‍ശന പരിശോധനകളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
77 കുറ്റങ്ങളാണ് കണ്ടെത്തിയത്. 102 മുന്നറിയിപ്പുകളും നല്‍കി. ആരോഗ്യ നിലവാരം പാലിക്കാത്തതും ഉപഭോക്താക്കള്‍ക്ക് ഭീഷണിയുയര്‍ത്തുന്നതുമായ 155 സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പാക്കറ്റുകള്‍ പിടിച്ചെടുത്തു. അല്‍ വത്ബയില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ബ്യൂട്ടി സലൂണുകളില്‍ പരിശോധന നടത്തിയത്. നഗരത്തിന്റെ വൃത്തിക്കും മനോഹാരിതക്കും അനുയോജ്യമായ രീതിയില്‍ നഗരപ്രാന്തങ്ങളിലെ സലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ക്രീമുകള്‍, സ്പ്രേകള്‍, ഹെയര്‍ക്ളിപ്പിങ് ഉപകരണങ്ങള്‍, കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹെയര്‍ ഡൈകള്‍, ഓയില്‍ ബാത്ത് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സലൂണുകളില്‍ ഉപയോഗിക്കുന്ന ടവ്വലുകളും മറ്റും വൃത്തി പാലിക്കുന്നില്ലെന്നും കണ്ടെത്തി. ആരോഗ്യ, സുരക്ഷാ, തൊഴില്‍ നിയമങ്ങള്‍ സലൂണുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചു.