ഒമാന്‍ - യുഎഇ യാത്രയ്ക്ക് ഇ- വിസ നിര്‍ബന്ധമാക്കി

Update: 2017-06-24 23:30 GMT
Editor : admin
ഒമാന്‍ - യുഎഇ യാത്രയ്ക്ക് ഇ- വിസ നിര്‍ബന്ധമാക്കി
Advertising

ഹത്ത അതിര്‍ത്തി വഴി യുഎഇയിലേക്ക് പോകുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്ക് ഇ- വിസ കര്‍ശനമാക്കി.

Full View

ഹത്ത അതിര്‍ത്തി വഴി യുഎഇയിലേക്ക് പോകുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്ക് ഇ- വിസ കര്‍ശനമാക്കി. ജൂണ്‍ 15 മുതലാണ് നിയമം കര്‍ശനമാക്കിയത്. വിസ ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തലാക്കിയതായും ഇ-വിസ നിര്‍ബന്ധമാണെന്നും കാണിച്ച് ഹത്ത അതിര്‍ത്തിയില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍റ് ഫോറിന്‍ അഫെയേഴ്സ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.

കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ഇ-വിസ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും റോഡ് അതിര്‍ത്തികളില്‍ കര്‍ക്കശമാക്കിയിരുന്നില്ല. ഇ- വിസയില്ലാത്തവര്‍ക്കും വിസ അടിച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് ഹത്ത അതിര്‍ത്തിയില്‍ നിന്ന് വിസയില്ലാത്തതിനാല്‍ തിരിച്ചയച്ചത്. അതേ സമയം അബൂദബിയുടെ കീഴിലുള്ള മറ്റ് അതിര്‍ത്തികളില്‍ നിയമം കര്‍ക്കശമാക്കിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വ്യക്തമല്ല. വിമാന മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇ-വിസ കൈയില്‍ ഇല്ലാത്തവരെ വിമാനം കയറാന്‍ അനുവദിക്കുന്നില്ല.

വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ വിസ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ യു എ ഇയുമായി കരാറുള്ള 46 രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ ഇതില്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ വിസാ സൗകര്യമോ ഓണ്‍ അറൈവല്‍ വിസ സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷം തന്നെ ഇ വിസ നിയമം നടപ്പിലാക്കാന്‍ യു.എ.ഇ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക തകരാറുകള്‍ നിമിത്തം നിയമം നടപ്പാക്കുന്നത് നീട്ടി വെക്കുകയായിരുന്നു. ഇ -വിസ കര്‍ക്കശമാക്കിയതോടെ ഒമാനില്‍ നിന്ന് പതിവായി യു.എ.ഇയിലേക്ക് സാധനങ്ങള്‍ എടുക്കാന്‍ പോകുന്ന കച്ചവടക്കാരെയാണ് പ്രയാസത്തിലാക്കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News