എസ് എസ് എല്‍ സി പരീക്ഷയില്‍ യുഎഇയിലെ സ്കൂളുകള്‍ക്ക് സമ്പൂര്‍ണ വിജയം
പരീക്ഷയെഴുതിയ 533 വിദ്യാര്‍ഥികളും വിജയിച്ചു. ഒമ്പത് സ്കൂളുകള്‍ക്കും നൂറുമേനി വിജയം
എസ് എസ് എല്‍ സി പരീക്ഷയില്‍ യുഎഇയിലെ സ്കൂളുകള്‍ക്ക് സമ്പൂര്‍ണ വിജയം. ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ SSLC നിലനില്‍ക്കുന്ന ഏക രാജ്യമാണ് യു എ ഇ. ഇവിടെ പരീക്ഷയെഴുതിയ 533 വിദ്യാര്‍ഥികളും വിജയിച്ചു. ഒമ്പത് സ്കൂളുകള്‍ക്കും നൂറുമേനി വിജയം.
സിബിഎസ്ഇ, ഐസിഎസി സിലബസുകളുടെ കടന്നുകയറ്റത്തില്‍ കേരള പാഠാവലിയും എസ് എസ് എല്‍ സി പരീക്ഷയും അവശേഷിക്കുന്ന ഏക ഗള്‍ഫ് രാജ്യമാണ് യു എ ഇ. ഇവിടെ ഒമ്പത് സ്കൂളുകളില്‍ നിന്നായി 533 കുട്ടികളാണ് ഇക്കുറി എസ്.എസ്.എസി എഴുതിയത്. ഇവര്‍ എല്ലാവരും ജേതാക്കളായി. ഇതില്‍ 38 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസുണ്ട്. 100ലധികം കുട്ടികള്‍ക്ക് ഒരു വിഷയത്തില്‍ മാത്രമാണ് എ പ്ളസ് നഷ്ടമായത്. അബൂദബി മോഡല്‍ സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്. ഇവിടെ പരീക്ഷയെഴുതിയ 150 കുട്ടികളും വിജയിച്ചു. ഇതില്‍ 25 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചപ്പോള്‍ 24 പേര്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ളസ് സ്വന്തമാക്കി.
ദ മോഡല്‍ സ്കൂള്‍ അബൂദബി, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ഷാര്‍ജ, ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബൈ, ദ ഇംഗ്ളീഷ് സ്കൂള്‍ ഉമ്മുല്‍ ഖുവൈന്‍, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ അല്‍ഐന്‍, ദ ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഉമ്മുല്‍ ഖുവൈന്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.