പശ്ചിമേഷ്യയില്‍ ജീവിത ചെലവ് കൂടുതല്‍ ദുബൈയിലും അബുദബിയിലും

Update: 2017-08-16 08:10 GMT
Editor : admin
പശ്ചിമേഷ്യയില്‍ ജീവിത ചെലവ് കൂടുതല്‍ ദുബൈയിലും അബുദബിയിലും
Advertising

പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജീവിതച്ചെലവുള്ളത് ദുബൈ, അബൂദബി നഗരങ്ങളില്‍.

പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ജീവിതച്ചെലവുള്ളത് ദുബൈ, അബൂദബി നഗരങ്ങളില്‍. ആഗോള ഏജന്‍സിയായ മെര്‍സര്‍സ് പുറത്തുവിട്ട 2016ലെ ജീവിതച്ചെലവ് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ദുബൈക്ക് 21-ാം സ്ഥാനമാണുള്ളത്. പോയ വര്‍ഷം 23 ആയിരുന്നു ദുബൈക്ക് ലഭിച്ച സ്ഥാനം. എന്നാല്‍ പട്ടികയില്‍ 33--ാം സ്ഥാനത്തുണ്ടായിരുന്ന അബൂദബി 25-ാം സ്ഥാനത്തേക്കും മാറി. പെട്രോളിയം വിലത്തകര്‍ച്ചയെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ രൂപപ്പെട്ട ജീവിതച്ചെലവ് വര്‍ധനയാണ് ദുബൈക്കും അബൂദബിക്കും തിരിച്ചടിയായത്. സൗദി നഗരങ്ങളിലെ ചെലവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് മെര്‍സര്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധി റോബ് തിസ്സന്‍ പറഞ്ഞു. അബൂദബി, ജിദ്ദ നഗരങ്ങളില്‍ പ്രവാസികളുടെ വാടകയിനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. വരുമാനത്തില്‍ കാര്യമായ വര്‍ധന ഇല്ലാതിരിക്കെ തന്നെ, ജീവിത ചെലവുകള്‍ കുത്തനെ ഉയരുന്നത് പ്രവാസി സമൂഹത്തിന് വലിയ ആഘാതമായി മാറുന്നതായ സൂചനയും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.

പശ്ചിമേഷ്യയില്‍ ദുബൈ, അബൂദബി എന്നിവ മാറ്റി നിര്‍ത്തിയാല്‍ ബെയ്റൂത്ത് നഗരമാണ് പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ ജീവിത ചെലവുള്ളത്. റിയാദ്, മനാമ, മസ്കത്ത്, കുവൈത്ത് സിറ്റി, ജിദ്ദ എന്നീ ഗള്‍ഫ് നഗരങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിത ചെലവ് അധികരിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. താമസ വാടകക്കു പുറമെ ഭക്ഷണം, വസ്ത്രം, ഗതാഗതം ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും ചെലവേറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News