ബിദൂനികള്‍ക്ക് പൗരത്വം: കോമറോസുമായി കരാറായെന്ന വാര്‍ത്ത കുവൈത്ത് നിഷേധിച്ചു
ബിദൂനികള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ചു കോമറോസുമായി കരാറായി എന്ന വാര്‍ത്ത കുവൈത്ത് നിഷേധിച്ചു.
ബിദൂനികള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ചു കോമറോസുമായി കരാറായി എന്ന വാര്‍ത്ത കുവൈത്ത് നിഷേധിച്ചു. അത്തരത്തില്‍ എന്തെങ്കിലും കരാര്‍ ഉണ്ടാക്കുകയാണെങ്കില്‍ വിദേശമന്ത്രാലയമാണ് മുന്‍കൈ എടുക്കേണ്ടതെന്നും അങ്ങനെയൊരു നീക്കവും നിലവില്‍ ഇല്ലെന്നും വിദേശകാര്യമന്ത്രി ഷെയ്‌ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് അറിയിച്ചു.
രാജ്യത്തെ ഒരു ലക്ഷത്തിലേറെയുള്ള ബിദൂനികളില്‍ അര്‍ഹരായവര്‍ക്കു കുവൈത്ത് പൗരത്വം നല്‍കുമെന്നും ബാക്കിയുള്ളവരെ ആഫ്രിക്കന്‍ രാജ്യമായ കോമറോസിലെ പൗരന്മാരാക്കുന്നതു സംബന്ധിച്ച് ആ രാജ്യവുമായി ചര്‍ച്ച നടത്തുമെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു. അങ്ങനെയൊരു പദ്ധതി അംഗീകരിക്കാൻ സന്നദ്ധമാണെന്ന കോമറോസ് വിദേശകാര്യമന്ത്രി അബ്‌ദുൽ കരീ മുഹമ്മദിന്റെ പ്രസ്‌താവനയും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. 1.10 ലക്ഷം ബിദൂനികളാണു കുവൈത്തിലുള്ളത്. അവരിൽ അർഹരായവർക്കു കുവൈത്ത് പൗരത്വം നൽകുമെന്ന തീരുമാനത്തിന്റെ പശ്‌ചാത്തലത്തിൽ 34,000 പേരെയാണു തിരഞ്ഞെടുത്തത്.
ബാക്കിയുള്ളവരെല്ലാം ഇറാഖ്, ഇറാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽനിന്നു കുടിയേറിപ്പാർത്തവരുടെ പിൻഗാമികളാണെന്നും കുവൈത്തിലെ സൗകര്യങ്ങൾ അനുഭവിക്കുന്നതിനായി സ്വന്തം പൗരത്വം മറച്ചുവച്ചു ബിദൂനികളായി മാറിയവരാണെന്നുമാണു കുവൈത്ത് അധികൃതരുടെ നിലപാട്. അവർക്കു പൂർവികരുടെ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കാമെന്നും അതേസമയം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ ആനുകൂല്യങ്ങൾ തുടരാമെന്നും കുവൈത്ത് വ്യക്തമാക്കിയിരുന്നു.
പൂർവികരുടെ വേരുകൾ തേടിപ്പോകാൻ തയാറല്ലാത്ത അവർ തങ്ങൾ യഥാർഥ ബിദൂനികളാണെന്ന വാദമാണ് ഉന്നയിക്കുന്നത്. അത് അംഗീകരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ് അത്തരക്കാർക്കു കോമറോസിന്റെ പൗരത്വം ഏർപ്പാടാക്കാനുള്ള നീക്കമുണ്ടായതെന്നാണ് വിവരം.