ഒമാനില്‍ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ ജോലിസമയം വര്‍ധിപ്പിക്കുന്നു
നിലവില്‍ ഏഴ് മണിക്കൂറുള്ള ജോലി സമയം എട്ട് മണിക്കൂറാക്കി ഉയര്‍ത്താനാണ് തീരുമാനം.
ഒമാനില്‍ ആരോഗ്യവകുപ്പ് സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ ജോലിസമയം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഏഴ് മണിക്കൂറുള്ള ജോലി സമയം എട്ട് മണിക്കൂറാക്കി ഉയര്‍ത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. വൈകാതെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് അറിയുന്നു.
സര്‍ക്കാര്‍, മിലിട്ടറി ആശുപത്രികളിലെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി മെഡിക്കല്‍ ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും വര്‍ധിപ്പിച്ച ഡ്യൂട്ടി സമയം ബാധകമായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ദിവസം എട്ട് മണിക്കൂറും പ്രതിവാരം 56 മണിക്കൂറുമായിരിക്കും പുതുക്കിയ ഡ്യൂട്ടി സമയം. ആശുപത്രികള്‍ക്ക് പുറമെ ക്‌ളിനിക്കുകള്‍ അടക്കം എല്ലാവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കും.
സുല്‍ത്താന്റെ ഉത്തരവ് പ്രകാരമാണ് മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്. കൂടിയാലോചനകള്‍ക്ക് ശേഷമാകും ഇത് നടപ്പിലാക്കുകയെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സൗദി അടക്കം ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ചിരുന്നു. ഒമാനിലും അത്തരത്തില്‍ നീക്കമുണ്ടാകുമെന്ന ഭീതിയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍ ശമ്പളം വെട്ടികുറക്കാതെ തൊഴില്‍ സമയം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.