ഹജ്ജ് ബസ്സുകള്‍ ജി.പി.എസ് സംവിധാനം വഴി നിരീക്ഷിക്കും
തീര്‍ഥാടകരുടെ യാത്ര കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ബസ്സുകള്‍ നിരീക്ഷിക്കുന്നത്.
ഹജ്ജ് തീര്‍ഥാടകരുമായി യാത്ര നടത്തുന്ന ബസ്സുകള്‍ ജി.പി.എസ് സംവിധാനം വഴി നിരീക്ഷിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ജനറല്‍ ഓഫീസും ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള വാദി ടെക്നോളജീസ് കമ്പനിയും തമ്മിലാണ് കരാര്‍. തീര്‍ഥാടകരുടെ യാത്ര കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ബസ്സുകള്‍ നിരീക്ഷിക്കുന്നത്.
ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ജനറല്‍ ഓഫീസ് മേധാവി അഹ്മദ് ബിന്‍ അബ്ദുല്ല, വാദി ടെക്നോളജീസ് കമ്പനി ചെയര്‍മാന്‍ ഡോ. വലീദ് മുറാദ് എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. മുപ്പത് മാസമാണ് കരാറിന്റെ കാലാവധി. ആദ്യമായാണ് ഹജ്ജ് ബസുകള്‍ നിരീക്ഷിക്കുന്നതിന് ഇത്തരത്തില്‍ സംവിധാനമേര്‍ത്തെടുത്തുന്നത്. ആദ്യഹജ്ജ് സംഘം എത്തുന്നതു മുതല്‍ അവസാന സംഘം തിരിച്ചുപോകുന്നതുവരെ ബസുകള്‍ നിരീക്ഷിക്കുന്നതിന് ഏകീകൃത സംവിധാനമുണ്ടാകുമെന്ന് ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് എന്‍ജിനീയര്‍ ഉസാമാ സംകരി പറഞ്ഞു. ബസ്സുകളുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് ജനറല്‍ ഓഫീസിനു കീഴിലെ പ്രത്യേക സംഘം നിരീക്ഷിക്കും. ഇതോടെ ഹജ്ജ് മന്ത്രാലയത്തിനും ഹജ്ജ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ജനറല്‍ ഓഫീസിനും കീഴിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് മക്കയിലും മദീനയിലും ഇതര പുണ്യസ്ഥലങ്ങളിലും പ്രവേശന കവാടങ്ങള്‍ക്കിടയിലെ ബസുകളുടെ പോക്കുവരവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി അറിയാന്‍ സാധിക്കും. ഏത് അടിയന്തിര ഘട്ടങ്ങളിലും ആവശ്യമായ സേവനങ്ങള്‍ വേഗത്തിലെത്തിക്കാനും സാധിക്കും. ഈ വര്‍ഷം ഹജ്ജ് വേളയില്‍ പതിനാറായിരത്തിലധികം ബസുകള്‍ തീര്‍ഥാടകരുടെ യാത്രക്കായി തയ്യാറായിട്ടുണ്ട‌്