നിര്‍ബന്ധിത ഡിഎന്‍എ ശേഖരണ നിയമം കുവൈത്ത് പുനഃപരിശോധിക്കും
നിയമത്തിനെതിരെ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളിൽ നിന്ന് വിമർശം ഉയർന്ന സാഹചര്യത്തിലാണ് അമീർ പ്രധാനമന്ത്രിയോട് ഇക്കാര്യം നിർദേശിച്ചത്
കുവൈത്ത് ഈയിടെ നടപ്പാക്കിയ നിർബന്ധിത ഡിഎൻഎ ശേഖരണ നിയമം പുനഃപരിശോധിക്കണമെന്ന് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് നിർദേശിച്ചു. നിയമത്തിനെതിരെ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകളിൽ നിന്ന് വിമർശം ഉയർന്ന സാഹചര്യത്തിലാണ് അമീർ പ്രധാനമന്ത്രിയോട് ഇക്കാര്യം നിർദേശിച്ചത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കഴിഞ്ഞ വർഷം ജൂലായിലാണ് കുവൈത്ത് പാർലമെന്റ് ഡിഎൻഎ ശേഖരണ നിയമത്തിന് അംഗീകാരം നൽകിയത്.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള മുഴുവൻ രാജ്യനിവാസികളുടെയും ജനിതക മാതൃകകൾ ശേഖരിച്ചു പ്രത്യേക ഡാറ്റാബാങ്ക് ഉണ്ടാക്കുവാനുള്ള കുവൈത്തിന്റെ നീക്കം ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേക സാഹചര്യത്തിലല്ലാതെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും യുഎന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. സിവിലയന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനുള്ള ബാധ്യതകള്‍ക്ക് എതിരാണ് ഡി.എന്‍.എ ഡാറ്റാബാങ്ക് സംവിധാനമെന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അമീർ നിയമം പുനഃപരിശോധിക്കാൻ നിർദേശം നൽകിയത്.
ഷിയാപള്ളിയിലെ ചാവേർ ആക്രമണത്തിന് ശേഷം സുരക്ഷ മുൻനിർത്തി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച ഡിഎൻഎ നിയമത്തിന് 2015 ജൂലൈയിലാണ് അംഗീകാരമായത്. തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ. ജനിതക മാതൃകകൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് തടവും പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ജനിതക സാമ്പിളുകൾ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.