പെട്രോൾ നിരക്ക് വർധനയുടെ മറവിൽ അവശ്യവസ്തുക്കളുടെ വില കൂടാൻ അനുവദിക്കില്ലെന്ന് കുവൈത്ത്
വിലക്കയറ്റം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി
പെട്രോൾ നിരക്ക് വർധനയുടെ മറവിൽ അവശ്യവസ്തുക്കളുടെ വില കൂടാൻ അനുവദിക്കില്ലെന്ന് കുവൈത്ത് . വിലക്കയറ്റം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി . സ്വദേശികൾക്കു ശമ്പളത്തോടൊപ്പം 20 ദിനാർ ഇന്ധന അലവൻസ് പരിഗണനയിലുണ്ട്.
അടുത്ത മാസം ഒന്ന് മുതലാണ് രാജ്യത്തു പെട്രോൾ നിരക്കുകൾ വർദ്ധിക്കുന്നത് . നിരക്ക് വർദ്ധനയുടെ മറവിൽ അവശ്യ അവസ്‌തുക്കൾ വില കൂട്ടി വിൽക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാട് . ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു മന്ത്രിസഭ വാണിജ്യ മന്ത്രാലയത്തോട് നിർദേശിച്ചു. ഉപഭോക്തൃ ചൂഷണം നീതിയുക്തമല്ലാത്ത വിലക്കയറ്റം എന്നിവ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശമുണ്ട് . ഉപഭോക്തൃ സംരക്ഷണസമിതി വഴി ലഭിച്ച പരാതികളും അതിന്മേൽ കൈക്കൊണ്ട നടപടികളും വാണിജ്യ മന്ത്രാലയം മാന്തി സഭയെ ധരിപ്പിച്ചു അന്യായമായി വില വർധിപ്പിച്ചതായി കണ്ടെത്തിയ 350 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മൽസ്യവില വർദ്ധനയും കാബിനറ്റ് യോഗത്തിൽ ചർച്ചയായി . ഫിഷർമെൻസ് യൂണിയൻ ഉൾപ്പെടെയുള്ള ഘടകങ്ങളുമായി ചർച്ച നടത്തി മൽസ്യ വിലകയറ്റം നിയന്ത്രിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളണമെന്നു കാർഷിക മൽസ്യ വികസന അതോറിറ്റിക്കു നിർദേശം നൽകിയിട്ടുണ്ട് .
അതിനിടെ പെട്രോൾ സബ്‌സിഡി നിയന്ത്രണം മൂലം സ്വദേശികൾക്കുണ്ടാകുന്ന പ്രയാസം കുറക്കാൻ 20 ദിനാർ ഇന്ധന അലവൻസ് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണയിലാണെന്നു പാർലമെന്റിൽ ഫൈനാൻസ് കമ്മിറ്റി അറിയിച്ചു .എണ്ണ വില വര്‍ധന മൂലമുണ്ടാകുന്ന ദുരിതം കുറക്കാന്‍ സ്വദേശികൾക്കു കൂപ്പൺ വഴിയോ സപ്ലൈ കാർഡ് വഴിയോ നിലവിലെ വിലയ്ക്ക് പെട്രോൾ ലഭ്യമാക്കണമെന്ന നിർദ്ദേശം പാർലമെന്റംഗങ്ങൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ കൂപ്പൺ സംവിധാനം അഴിമതിക്കും കരിഞ്ചന്തക്കും കാരണമാകുമെന്നു വിലയിരുത്തിയാണ് ശമ്പളത്തോടൊപ്പം 20 ദിനാർ ഇന്ധന അലവൻസ് എന്ന നിർദേശം സർക്കാർ പരിഗണിച്ചിരിക്കുന്നത്.