യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ചു

Update: 2017-11-15 14:55 GMT
Editor : Sithara
യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ചു
Advertising

മയക്കുമരുന്ന് ഉപയോഗത്തിന് നാല് വര്‍ഷം തടവ് ശിക്ഷയായി വിധിക്കുന്ന 1995ലെ നിയമത്തില്‍ മാറ്റംവരുത്തിയാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

Full View

യുഎഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് നിയമം പരിഷ്കരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് നാല് വര്‍ഷം തടവ് ശിക്ഷയായി വിധിക്കുന്ന 1995ലെ നിയമത്തില്‍ മാറ്റംവരുത്തിയാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടത്.

പുതിയ നടപടി പ്രകാരം ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു. കൂടാതെ മയക്കുമരുന്ന് ഉപയോഗത്തിന് ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരില്‍നിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ്, പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരുടെ നിര്‍ദേശം പരിഗണിച്ചാണ് നിയമത്തില്‍ മാറ്റംവരുത്തിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പുനരധിവാസ കേന്ദ്രത്തിലത്തെിലോ പൊലീസ്, പ്രോസിസ്യൂട്ടര്‍മാര്‍ എന്നവരുടെ അടുത്തോ എത്തിച്ചാല്‍ ഒരുവിധ ശിക്ഷയും വിധിക്കാതെ ചികിത്സ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി കുറക്കുകയും ചെയ്തു. നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്ത് ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യം വര്‍ധിക്കുമെന്ന് അബൂദബിയിലെ ദേശീയ പുനരധിവാസ കേന്ദ്രം പൊതുജനാരോഗ്യ - ഗവേഷണ ഡയറക്ടര്‍ ഡോ. അലി ആല്‍ മര്‍സൂഖി പറഞ്ഞു.

നിയമത്തില്‍ പരാമര്‍ശിക്കാത്ത മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവ് എന്നത് പരമാവധി ഒരു വര്‍ഷമാക്കിയും കുറച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റില്‍ നിയമ പരിഷ്കാരം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം നിയമം പ്രാബല്യത്തിലാവും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News