കുവൈത്തിൽ 261 തടവുകാര്‍ക്കു അമീരി കാരുണ്യത്തില്‍ ജയില്‍ മോചനം
ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടും
കുവൈത്തിൽ 261 തടവുകാർക്കു അമീരി കാരുണ്യത്തിന്റെ ആനുകൂല്യത്തിൽ ജയിൽ മോചനം. ജയിൽ മോചിതരായവരിൽ വിദേശികളും ഉൾപ്പെടും. 757 പേരുടെ ശിക്ഷകാലാവധി കുറച്ചു നൽകിയതായും 189 പേരുടെ നാടുകടത്തൽ റദ്ദാക്കിയതായും ജയിൽ വകുപ്പ് അറിയിച്ചു .
ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും പ്രഖ്യാപിക്കാറുള്ള അമീരി കാരുണ്യത്തിന്റെ ഭാഗമായാണ് 261 തടവുകാരെ സ്വാതന്ത്രരാക്കിയത്. ആകെ 1207 പേർക്കാണ് അമീരി കാരുണ്യത്തിന്റെ ആനുകൂല്യം ലഭിച്ചത്. 757 പേരുടെ തടവുകാലാവധി കുറച്ചുനൽകുകയും . 189 പേരെ നാടുകടത്തലിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട് . ഇളവ് ലഭിച്ചവർക്ക് ജയിൽ കാര്യ അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ മുഹന്ന അഭിനന്ദനമറിയിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവം, തടവുകാലത്തെ നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ചാണ് തടവുകാർക്ക് ഇളവ് അനുവദിച്ചത്. സ്വദേശികൾക്കൊപ്പം വിദേശികളെയും ശിക്ഷ ഇളവിന് പരിഗണിച്ചിരുന്നു . കഴിഞ്ഞ വർഷം അമീരി കാരുണ്യത്തിന്റെ ഭാഗമായി 332 പേരെ ജയിൽ മോചിതരാക്കുകയും 701 പേരുടെ ശിക്ഷാ കാലാവധി കുറച്ചു നൽകുകയും 48 പേർക്ക് നാടുകടത്തൽ ഒഴിവാക്കി രാജ്യത്ത് തുടരാൻ അനുവാദം നൽകുകയും ചെയ്തിരുന്നു .