സില്‍ക്ക് സിറ്റി; കുവൈത്തിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും
അഞ്ചു ദ്വീപുകൾ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതി പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 35 മില്യൻ ഡോളറിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു
സിൽക്ക് സിറ്റി പദ്ധതി യാഥാർഥ്യമാകുന്നതോടെ കുവൈത്തിൽ രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അമീരി ദീവാൻ കാര്യ മന്ത്രി ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്. അഞ്ചു ദ്വീപുകൾ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതി പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 35 മില്യൻ ഡോളറിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
കുവൈത്ത് യൂണിവേഴ്സിറ്റിയിൽ നടന്ന ' സിൽക്ക് സിറ്റി: സ്വപ്നവും യാഥാർഥ്യവും' എന്ന സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അമീരി ദീവാൻ കാര്യമന്ത്രിയും രാജകുടുംബത്തിലെ പ്രമുഖനുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് . രാജ്യത്തിന്റെ മുഖച്ഛായമാറ്റുന്ന വൻ പദ്ധതിയാണ് സിൽക്ക് സിറ്റി . കുവൈത്തിന്റെ അധീനതയിലുള്ള അഞ്ച് ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിര്‍മാണപ്രവൃത്തികൾ പുരോഗമിക്കുകയാണ് . ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കുവൈത്തിന് ഇടം ലഭിക്കാനുതകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് . 2030 ഓടെ സിൽക്ക് സിറ്റി പ്രവർത്തനക്ഷമാകുമ്പോൾ രണ്ടു ലക്ഷം പേർക്കെങ്കിലും പ്രത്യക്ഷമായി തൊഴിൽ ലഭിക്കു പ്രാതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരമേഖലയായി സിൽക്ക് സിറ്റിയെ മാറ്റാനാണ് കുവൈത്തിന്റെ ശ്രമം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉൾപ്പെടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായാണ് രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലെ സുബിയ്യയിൽ സിൽക്ക് സിറ്റി ഒരുങ്ങുന്നത് . പദ്ധതി പ്രദേശത്തുനിന്ന് നേരിട്ട് കുവൈത്ത് സിറ്റിയിലേക്ക് എത്തുന്നതിനു വേണ്ടി നിർമിക്കുന്ന ഷെയ്ഖ് ജാബിർ പാലത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു .