റമദാനില്‍ അബൂദബിയിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന
അബൂദബി എമിറേറ്റിലെ ഹോട്ടലുകളിലും ബേക്കറികളിലും റമദാനില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തുമെന്ന് അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി
അബൂദബി എമിറേറ്റിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബേക്കറികളിലും മറ്റ് ഭക്ഷണ വിതരണ- വില്‍പന കേന്ദ്രങ്ങളിലും റമദാനില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തുമെന്ന് അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനുമായി നിലവില്‍ പരിശോധനകള്‍ നടന്നുവരുന്നുണ്ട്. ഇത് റമദാനില്‍ കൂടുതല്‍ ശക്തമാക്കും. തലസ്ഥാന എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 32 ബേക്കറികള്‍ ഭക്ഷ്യ നിയന്ത്രണ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴയും 22 എണ്ണത്തിന് മുന്നറിയിപ്പും നല്‍കി. എല്ലാവിധ ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങളും പാലിക്കുന്നവയാണ് ആറ് ബേക്കറികളെന്നും കണ്ടെത്തി.
പൊതുവായ വൃത്തി പാലിക്കാതിരിക്കല്‍, മോശമായ രീതിയില്‍ ഭക്ഷണം കൈകാര്യം ചെയ്യല്‍, ബേക്കറിക്കുള്ളില്‍ എലികളും കീടങ്ങളും ഉണ്ടാകല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് പതിവ് സന്ദര്‍ശനങ്ങള്‍ക്കൊപ്പം ഭക്ഷണ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത പരിശോധനകളും നടത്തുകയെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍റ് കമ്മ്യൂണിറ്റി സര്‍വീസസ് വിഭാഗം ആക്ടിങ് ഡയറക്ടര്‍ അലി യൂസുഫ് അല്‍ സാദ് പറഞ്ഞു.