സുലാഫ ടവറിലെ തീപിടിത്തം; ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന തുടങ്ങി
ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം
ദുബൈ മറീനയിലെ സുലാഫ ടവറിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടത്തൊന്‍ പൊലീസിന്റെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന തുടങ്ങി. ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് അധികൃതര്‍ പറഞ്ഞു. 17 അപ്പാര്‍ട്മെന്റുകളാണ് ബുധനാഴ്ച ഉച്ചക്കുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്. ആളപായമില്ലെന്ന് അപാര്‍ട്മെന്റുകളിലെ പരിശോധനകള്‍ക്ക് ശേഷം ദുബൈ പൊലീസ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇതില്‍ ഒരു ഗര്‍ഭിണിയുമുണ്ട്. ഇവര്‍ ലത്തീഫ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുക ശ്വസിച്ച് അവശരായ 13 പേര്‍ക്ക് സംഭവസ്ഥലത്തുതന്നെ ചികിത്സ നല്‍കി. രണ്ടുപേരെ റാശിദ് ആശുപത്രിയിലേക്ക് മാറ്റി. തീ പടര്‍ന്ന വിവരം ലഭിച്ച് സ്ഥലത്തത്തെിയ പൊലീസും സിവില്‍ ഡിഫന്‍സും അരമണിക്കൂറിനകം കെട്ടിടത്തിലെ ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു. വളരെ വേഗം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗം അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി അഭിനന്ദിച്ചു.
കെട്ടിടത്തിന്റെ 61ാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇത് ശക്തമായ കാറ്റില്‍ മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു. അല്‍ ബര്‍ഷ, റാശിദിയ, കറാമ, അല്‍ മര്‍സ എന്നിവിടങ്ങളില്‍ നിന്നത്തെിയ സിവില്‍ ഡിഫന്‍സ് സംഘമാണ് മൂന്ന് മണിക്കൂറിനകം തീയണച്ചത്. വൈകിട്ട് ആറുമണിയോടെ തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞു. കെട്ടിടം തണുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട്. താമസക്കാര്‍ക്ക് മുഴുവന്‍ വെസ്റ്റിന്‍ ദുബൈ ഹോട്ടലില്‍ താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി. ഭക്ഷണവും നല്‍കി. സമീപത്തെ മറ്റ് കെട്ടിടങ്ങളിലും താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുകള്‍ മുന്നോട്ടുവന്നു. 35ഓളം കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ടെന്നാണ് വിവരം.