മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നതു വഴിയുള്ള അപകടത്തിനെതിരെ അജ്മാന്‍ പൊലീസിന്റെ കാമ്പയിന്‍

Update: 2018-01-26 11:08 GMT
Editor : admin
മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നതു വഴിയുള്ള അപകടത്തിനെതിരെ അജ്മാന്‍ പൊലീസിന്റെ കാമ്പയിന്‍
Advertising

മാധ്യമങ്ങളിലൂടെയും നേരിട്ടും ഇതിനായി ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് അജ്മാന്‍ പൊലീസ് ഡെപ്യുട്ടി കമാണ്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹംറാനി

അജ്മാനില്‍ കാല്‍നടക്കാര്‍ ഉള്‍പ്പെടെ വഴിയാത്രക്കാര്‍ മൊബൈല്‍ ഫോണ്‍ ഉയോഗിക്കുന്നതു വഴിയുള്ള അപകടത്തിനെതിരെ 'മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കൂ, സുരക്ഷിതമായി റോഡിന് കുറുകെ കടക്കൂ' എന്ന പ്രമേയത്തില്‍ അജ്മാന്‍ പൊലീസ് കാമ്പയിന്‍ ആരംഭിച്ചു. മാധ്യമങ്ങളിലൂടെയും നേരിട്ടും ഇതിനായി ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് അജ്മാന്‍ പൊലീസ് ഡെപ്യുട്ടി കമാണ്ടര്‍ ജനറല്‍ കേണല്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹംറാനി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ആളുകള്‍ റോഡിന് കുറുകെ കടക്കുമ്പോഴും അരികിലൂടെ നടക്കുമ്പോഴും അപകങ്ങള്‍ പെരുകുകയാണ്. മൊബൈല്‍ ഫോണ്‍ സംസാരത്തിനിടയില്‍ റോഡിലൂടെ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ പോലും പലരും അറിയുന്നില്ല. സൈക്കിളിലും ബൈക്കിലുമൊക്കെ സഞ്ചരിക്കുന്ന ഡെലിവറി ബോയിമാര്‍ മുതല്‍ ഉയര്‍ന്ന ജീവിതം നയിക്കുന്നവര്‍ വരെ ഇതിന്റെ ഇരകളാണ്. സ്വദേശികളെന്നോ വിദേശികളെന്നോ ഇവര്‍ക്കിടയില്‍ വ്യത്യാസവുമില്ല. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 102 വഴിയാത്രക്കാരാണ് അപകടത്തില്‍പെട്ടതെന്നും ഇവരില്‍ 15 പേര്‍ മരണപ്പെട്ടതായും കേണല്‍ അബ്ദുല്ല അഹ്മദ് അല്‍ ഹംറാനി പറഞ്ഞു.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും വലിയ തെറ്റുതന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനമോടിക്കുമ്പോള്‍ ഒന്നിലേറെ കാര്യങ്ങള്‍ തലയിലേറ്റുന്നവരാണ് ഭൂരിഭാഗം പേരും. വീട്ടിലേയും ജോലി സ്ഥലത്തെയും പ്രശ്നങ്ങള്‍ ചിന്തിച്ച് പലരും അപകടത്തിലേക്ക് ചെന്നു ചാടുകയാണെന്നും അജ്മാന്‍ പൊലീസ് ഉപമേധാവി പറഞ്ഞു. റോഡപകടങ്ങളില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കിടക്കുന്നവരുടെയും അവരുടെ ഉറ്റവരുടെയും ദുഃഖം ഉള്‍ക്കൊണ്ടാണ് പുതിയ കാമ്പയിനുമായി അജ്മാന്‍ പൊലീസ് രംഗത്തു വന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അജ്മാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News