ഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം
ഒമാൻ സെൻട്രൽ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാർ എന്നിവരെയാണ് മോചിപ്പിച്ചത്
ഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം. ഒമാൻ സെൻട്രൽ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ് കുമാർ എന്നിവരെയാണ് മോചിപ്പിച്ചത്.
സിനാവ് സൂഖിൽ പാകിസ്താന്‍ സ്വദേശികള്‍ രണ്ട് ഒമാന്‍ പൌരന്മാരെ കൊലപ്പെടുത്തിയ കേസിലാണ് മലയാളികളായ ഷാജഹാനെയും സന്തോഷ്കുമാറിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത് . ഇവർ ജോലി ചെയ്തിരുന്ന കടകളിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കേസില്‍ നാല് പാകിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയും ചെയ്തിരുന്നു. മലയാളികളുടെ മോചനത്തിനായി മസ്കത്ത് ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകനായ ഹബീബ് തയ്യിലും ഏറെ നാളുകളായി പരിശ്രമിച്ചുവരുകയായിരുന്നു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്, ഭരതൻപിള്ള , നവാസ് എന്നീ മലയാളികളും മോചിതരായിട്ടുണ്ട്.