ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ്; ദുബൈ എമിറേറ്റ്സ് എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രം തള്ളി
ഓപൺ സ്കൈ പോളിസിക്കു കീഴിൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും സർവീസ് നടത്താൻ അനുവദിക്കണമെന്നായിരുന്നു എമിറേറ്റ്സിന്റെ ആവശ്യം
വടക്കു, കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ കൂടുതൽ സെക്ടറുകളിൽ സർവീസ് നടത്താന്‍ അനുമതി നൽകണമെന്ന ദുബൈ എമിറേറ്റ്സ് എയർലൈൻസിന്റെ അഭ്യർഥന കേന്ദ്രസർക്കാർ തള്ളി. ഓപൺ സ്കൈ പോളിസിക്കു കീഴിൽ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും സർവീസ് നടത്താൻ അനുവദിക്കണമെന്നായിരുന്നു എമിറേറ്റ്സിന്റെ ആവശ്യം. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ എമിറേറ്റ്സ് അധികൃതർ വിസമ്മതിച്ചു.
അഭ്യർഥന തള്ളിയ വിവരം ഇന്ത്യയിലെ 'ഇക്കോണമിക് ടൈംസ്' പത്രമാണ് റിപ്പോർട്ട് ചെയ്തത്. വടക്കു, കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സർവീസ് തുടങ്ങാൻ ഒരുക്കമാണെന്നും കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ നിലവിലെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കാൻ തയ്യാറാകണം എന്നുമായിരുന്നു ആവശ്യം. എമിറേറ്റ്സിനു പുറമെ ഇത്തിഹാദ്, ഖത്തർ എയർവേസ്, ഫ്ലൈ ദുബൈ എന്നീ വിമാന കമ്പനികളും രംഗത്തുണ്ടായിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കും എന്നായിരുന്നു ഗൾഫ് വിമാന കമ്പനികളുടെ പ്രതീക്ഷ. ഓപൺ സ്കൈ പോളിസിയുടെ ആനുകൂല്യം ഗൾഫ് വിമാന കമ്പനികൾക്ക് ഇന്ത്യൻ സെക്ടറിൽ നൽകാൻ പറ്റില്ലെന്ന സാങ്കേതിക വാദം തന്നെയാണ് ഇത്തവണയും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിക്കുന്നത്.
ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടും നേരത്തെയുള്ള സീറ്റുകളുടെ ക്വാട്ട വർധിപ്പിക്കാനും കേന്ദ്രം മടിക്കുകയാണ്. ഇപ്പോൾ പ്രതിവാരം 65000 യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമാണ് എമിറേറ്റ്സിന് അനുമതി. അടുത്ത 20 വർഷത്തിനുള്ളിൽ പുതുതായി 338 ദശലക്ഷം യാത്രക്കാർ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ. ചൈന, അമേരിക്ക എന്നിവ മാറ്റിനിർത്തിയാൽ ത്വരിതഗതിയിൽ വളരുന്ന മൂന്നാമത് വ്യോമയാന വിപണി കൂടിയാണ് ഇന്ത്യ. ആവശ്യകത ബോധ്യമായിട്ടും ഗൾഫ് വിമാന കമ്പനികൾക്ക് ഓപൺ സ്കൈ പോളിസിയുടെ ആനുകൂല്യം നിഷേധിക്കുന്നതിനോട് അയാട്ട ഉൾപ്പടെ ആഗോള ഏജൻസികൾക്കും എതിർപ്പുണ്ട്.