ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന കമ്പനികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ
ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇതോടെ ഇല്ലാതാകുന്നത്
ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന യു.എസ് കമ്പനികൾക്കെതിരെ പ്രതികാര നടപടിയൊന്നും ഉണ്ടാകില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ. ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇതോടെ ഇല്ലാതാകുന്നത്.
ഖത്തറിനെതിരെ ഉപരോധ സമാനമായ സാഹചര്യം രണ്ടുമാസം പിന്നിടുന്ന വേളയിലാണ് സൗദി അനുകൂല രാജ്യങ്ങൾ യു.എസ് കമ്പനികൾക്ക് പുതിയ ഉറപ്പ് നൽകുന്നത്. ഇതു സംബന്ധിച്ച് സൗദി ഉൾപ്പെടെ നാലു രാജ്യങ്ങൾ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് കത്ത് കൈമാറിയതായി വാർത്താ ഏജൻസി വെളിപ്പെടുത്തി. ഖത്തറിൽ വൻതോതിൽ വ്യാപാരം തുടരുന്ന കമ്പനികളോട് അതിന്റെ പേരിൽ വിവേചനം പുലർത്തില്ലെന്നും കത്തിൽ സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കുന്നു. സമാനമായ ഉറപ്പ് യൂറോപ്യൻ രാജ്യങ്ങൾക്കും യുഎ.ഇ നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളുമായും ഏറ്റവും മികച്ച വ്യാപാരമാണ് യു.എസ് കമ്പനികൾ നടത്തുന്നത്. ഗൾഫ് പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഇതും ഉൾപ്പെടും. അടുത്ത മാസം ആറിനാണ് കുവൈത്ത് അമീർ അമേരിക്കയിലെത്തുന്നത്. വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തുന്ന ചർച്ചയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്ന ഫോർമുല ഉരുത്തിരിയും എന്നാണ് പ്രതീക്ഷ.