രാജ്യാന്തര വാഹന മോഷണ സംഘത്തിലെ പ്രധാന കണ്ണികള്‍ ഷാര്‍ജ പൊലീസിന്റെ പിടിയില്‍

Update: 2018-03-10 14:27 GMT
രാജ്യാന്തര വാഹന മോഷണ സംഘത്തിലെ പ്രധാന കണ്ണികള്‍ ഷാര്‍ജ പൊലീസിന്റെ പിടിയില്‍
Advertising

ഫോര്‍വീലര്‍ വിഭാഗത്തില്‍പെടുന്ന വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്

രാജ്യാന്തര വാഹന മോഷണ സംഘത്തിലെ പ്രധാന കണ്ണികളെന്ന് കരുതുന്ന രണ്ടുപേര്‍ ഷാര്‍ജ പൊലീസിന്റെ പിടിയിലായി. ഫോര്‍വീലര്‍ വിഭാഗത്തില്‍പെടുന്ന വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍ വാഹനമോഷണ സംഘത്തിലെ കണ്ണികളാണ് ഇവര്‍ എന്നാണ് സൂചന.

മോഷ്ടിക്കുന്ന വാഹനങ്ങള്‍ മറ്റ് ഗള്‍ഫ് നാടുകളിലേക്ക് വ്യാജ രേഖ ചമച്ച് കടത്തുകയാണ് സംഘത്തിന്റെ രീതി. വാഹനം മോഷ്ടിച്ച വിവരം യു.എ.ഇയിലെ സംഘം സമീപ ഗള്‍ഫ് രാജ്യത്തെ കണ്ണികള്‍ക്ക് കൈമാറും. ഇവിടെ നിന്ന് എത്തുന്നവരാണ് വാഹനം രാജ്യത്തിന് പുറത്ത് കടത്താനുള്ള വിദ്യകള്‍ പ്രയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ യു എ ഇയില്‍ നിന്ന് കടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കാറിന്റെ ജനല്‍ ചില്ല് തകര്‍ത്ത് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സാമഗ്രികളും നേരത്തെ തയാറാക്കി സൂക്ഷിക്കുന്ന താക്കോലുകളും ഇവരുടെ പക്കലുണ്ട്. ഇത്തരം നിരവധി ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കൈയുറകള്‍ ധരിച്ച് തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. വാഹന മോഷണം സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തില്‍ ഷാര്‍ജ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇവര്‍ വലയിലായത്. മറ്റ് രാജ്യങ്ങളിലുള്ള സംഘത്തിലെ കണ്ണികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Tags:    

Similar News