വി.പി സത്യന്റെ സ്മരണാര്‍ത്ഥം ഖത്തറില്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഖത്തര്‍ ചാപ്റ്ററാണ് പ്രവാസഭൂമിയില് ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ പേരില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്
ഇന്ത്യന്‍ ഫുട്ബോളിന്റെ ഇതിഹാസതാരം ക്യാപ്റ്റന്‍ വി പി സത്യന്റെ സ്മരണാര്‍ത്ഥം ഖത്തറിലെ ഫുട്ബോള്‍ ആരാധകര്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. പ്രശസ്തരായ ഇന്ത്യന്‍ താരങ്ങളുടെ പേരിലുള്ള 8 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ ജോപോള്‍ എഫ് സി ജേതാക്കളായി.
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഖത്തര്‍ ചാപ്റ്ററാണ് പ്രവാസഭൂമിയില് ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ പേരില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. ദോഹയിലെ അല്‍ജസീറ അക്കാദമിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത 8 ടീമുകളുടെയും പേരുകള്‍ ശ്രദ്ധിക്കപ്പെട്ടു. ക്യാപ്റ്റന്‍ വി പി സത്യന് ട്രോഫിക്ക് വേണ്ടിയാണ് കേരളത്തിനും ഇന്ത്യക്കുമായി ബൂട്ടണിഞ്ഞ താരങ്ങളുടെ പേരിലുള്ള ടീമുകള്‍ കളത്തിലിറങ്ങിയത്. ഫൈനല്‍ പോരാട്ടത്തില്‍ പാപ്പച്ചന് എഫ് സി യെ പരാജയപ്പെടുത്തിയ ജോപോള്‍ എഫ് സി ക്യാപ്റ്റന്‍ സത്യന് ട്രോഫിയില്‍ മുത്തമിട്ടു. ഒളിമ്പ്യന്‍ റഹ്മാന്റെ പേരിലിറങ്ങിയ റഹ്മാന് എഫ് സി , ഐ എം വിജയന് എഫ് സി , ഗോളി കെ ടി ചാക്കോ എഫ് സി , ഷറഫലി എഫ് സി , ടൈറ്റാനിയം താരം തിലകന്റെ സ്മരണാര്‍ത്ഥം തിലകന് എഫ് സി , നജീബ് എഫ് സി എന്നിങ്ങനെയാണ് ടീമുകളുടെ പേരുകള്‍ . കേരള ഫുട്ബോള്‍ അസോസിയേഷന് അംഗീകൃത റഫറി ജിഷാദ് , സവാദ് എന്നിവരാണ് ടീ ടൈം സ്പോണ്സര് ചെയ്ത വേറിട്ട ടൂര്‍ണ്ണമെന്റ് നിയന്ത്രിച്ചത് .