അബുദബിയെ നിരീക്ഷിക്കാന്‍ ഫാല്‍ക്കണ്‍ ഐ
അടിയന്തര ഘട്ടങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനമൊരുക്കാനും സംവിധാനം ഉപകരിക്കും
അബൂദബി നഗരത്തെ സമഗ്ര നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ നടപടി. ഇതിനായി 'ഫാല്‍ക്കണ്‍ ഐ' സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, മുഖ്യ ദ്വീപുകള്‍, ബനിയാസ്, മുസഫ പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരീക്ഷണ സംവിധാനത്തിന് കീഴില്‍ വരും. അബൂദബി നിരീക്ഷണ-നിയന്ത്രണ കേന്ദ്രമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ഇതിന്റ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കാമറകള്‍ സ്ഥാപിക്കും. നേരത്തെ ഒരുക്കിയ കാമറകള്‍ക്കു പുറമെയാണിത്. ഇതിലൂടെ ലഭ്യമാകുന്ന ചിത്രങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ അധികൃതരെ സഹായിക്കുന്നതാണ് ഫാല്‍ക്കണ്‍ ഐ സംവിധാനം. സ്മാര്‍ട് ഉപകരണങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കാനും വാഹനാപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനമൊരുക്കാനും സംവിധാനം ഉപകരിക്കും.
ഗതാഗത നിയന്ത്രണത്തിനു പുറമെ അനധികൃത പാര്‍ക്കിങ്, റോഡുകളുടെ ദുരുപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടത്തൊനും ഈ സംവിധാനം മുഖേന സഹായിക്കും. നഗരത്തിന്റെ വൃത്തി നിരീക്ഷിക്കാനും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയാനും ഇതിലൂടെ സാധിക്കും. ജനങ്ങള്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന അബൂദബി എമിറേറ്റിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഫാല്‍കണ്‍ ഐ സംവിധാനം കൊണ്ടുവരുന്നതെന്ന് അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പറഞ്ഞു്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റ മാര്‍ഗനിര്‍ദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.